
പാലക്കാട്: സി.പി.എം ഭരിക്കുന്ന സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി പരാതി. പാലക്കാട് തണ്ണീരങ്കാട് സഹകരണ ബാങ്കില്‍ 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ആലത്തൂര്‍ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് സി.പി.എം. മുന്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ നാല് ജീവനക്കാര്‍ക്കെതിരെ കുഴല്‍മന്ദം പോലീസ് കേസെടുത്തിട്ടുണ്ട്.
നീതി സ്റ്റോര്‍ നടത്തിപ്പുകാരന് സത്യവാന്, ബാങ്ക് സെക്രട്ടറി ജയ, ജീവനക്കാരായ അജിത, സുദേവന് എന്നിവര്‍ക്കെതിരെയാണ് കേസ്. സഹകരണ സംഘം രജിസ്ട്രാറുടെ പരാതിയിലാണ് നടപടി.
നീതി സ്റ്റോര്‍ നടത്തിപ്പില്‍ ക്രമക്കേട് നടത്തിയാണ് ഇവര്‍ ബാങ്കിന് നഷ്ടമുണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ജീവനക്കാര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 2021 ഡിസംബര്‍ മുതല്‍ 2024 മെയ് വരേയാണ് ക്രമക്കേട് നടത്തിയതെന്ന് പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ഐറില്‍ പറയുന്നു. കണക്കുകളില്‍ മന:പൂര്‍വം കൃത്രിമത്വവും തിരിമറിയും നടത്തിയതായും എഫ്.ഐ.ആറിലുണ്ട്.
എന്നാല്‍, ബാങ്കിന് 21 ലക്ഷം രൂപയുടെ നഷ്ടം മാത്രമാണുണ്ടായതെന്നാണ് ബാങ്ക് ഭരണസമിതി പറയുന്നത്. ബാങ്കിനുണ്ടായ നഷ്ടം ഒന്നാം പ്രതി സത്യവാനില്നിന്ന് ഈടാക്കുമെന്നും സത്യവാന്റെ സ്വത്ത് കണ്ടുകെട്ടാന്‍ നിമയനടപടി തുടങ്ങുമെന്നും ബാങ്ക് ഭരണസമിതി അറിയിച്ചു. 2021-ല്‍ തന്നെ സത്യവാനെ ചുമതലയില്‍നിന്ന് ഒഴിവാക്കിയിരുന്നുവെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നു.
