ന്യൂഡല്‍ഹി: ഡല്‍ഹി വംശഹത്യ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ മീഡിയ വണ്ണും ഏഷ്യാനെറ്റും 48 മണിക്കൂര്‍ സംപ്രേക്ഷണം നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു. ഇന്ന് രാത്രി 7.30 മുതല്‍ ഞായറാഴ്ച രാത്രി 7.30 വരെയാണ് നടപടി. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ നല്‍കിയെന്ന പരാതിയെ തുടര്‍ന്ന് വാര്‍ത്താവിതരണ മന്ത്രാലയമാണ് വിലക്കേര്‍പ്പെടുത്തിയത്. ഈ സമയങ്ങളില്‍ പ്രസ്തുത ചാനലുകളുടെ ഓണ്‍ലൈന്‍ സൈറ്റും യൂ ട്യൂബ് ചാനലുകളും മാത്രമേ ലഭ്യമാവുകയുള്ളു. ഉത്തരവിന്റെ ഭാഗമായി ഏഷ്യാനെറ്റും മീഡിയാവണ്ണും സംപ്രേക്ഷണം നിര്‍ത്തിവച്ചു.
1994 ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്ക്സ് നിയമത്തിലെ 6(1), (സി), 6(1) (ഇ) എന്നീ ചട്ടങ്ങള്‍ ഈ വാര്‍ത്താചാനലുകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി വാർത്താ വിതരണ മന്ത്രാലയം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. അതിന് അവര്‍ നല്കിയ മറുപടി തൃപ്തികരമല്ലെന്ന് ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവുകളില്‍ പറഞ്ഞു. മതവിഭാഗങ്ങള്‍ക്കും സമുദായങ്ങള്‍ക്കും നേരെ നടക്കുന്ന ആക്രമങ്ങളുടെ ദൃശ്യങ്ങള്‍, വാക്കുകള്‍ എന്നിവയുള്ള പരിപാടികള്‍ സംപ്രേഷണം ചെയ്യാന്‍ പാടില്ലെന്ന് 6(1))(സി) ചട്ടത്തില്‍ പറയുന്നുണ്ടെന്ന് ഉത്തരവില്‍ വിശദീകരിച്ചു. ആക്രമത്തിന് പ്രേരണയാവുന്നതോ, ക്രമസമാധന പാലനത്തെ ബാധിക്കുന്നതോ ദേശവിരുദ്ധ മനോഭാവം ഉണ്ടാക്കുന്നതോ ആയ പരിപാടികള്‍ സംപ്രേഷണം ചെയ്യരുതെന്നാണ് 6(1)(ഇ)ചട്ടത്തില്‍ പറയുന്നത്.