പത്തനംതിട്ട: കോടതി ഇടപെടലിനു പിന്നാലെ റോബിൻ ബസ് പത്തനംതിട്ടയിൽനിന്നും കോയമ്പത്തൂരിലേക്കു വീണ്ടും സർവീസ് തുടങ്ങിയതിനു പിന്നാലെ നടപടികൾ അവസാനിക്കുന്നില്ലെന്ന സൂചന നൽകി മന്ത്രി പി.രാജീവ്. സർവീസ് നിയമപരമല്ലെങ്കിൽ ഇനിയും നടപടിയുണ്ടാകുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. തമിഴ്നാട്ടിൽവച്ച് മോട്ടർ വാഹന വകുപ്പ് ബസ് പിടികൂടിയത് സർവീസ് നിയമപരമല്ലാത്തതുകൊണ്ടല്ലേ എന്നു ചോദിച്ച മന്ത്രി രാജീവ്, നിയമപരമായിട്ടു മാത്രമേ സർവീസ് നടത്താനാകൂവെന്നും വ്യക്തമാക്കി. തമിഴ്നാട് മോട്ടർ വാഹന വകുപ്പിന്റെ നിയമക്കുരുക്കിൽനിന്നു വിട്ടുകിട്ടിയ ‘റോബിൻ ബസിനു’ പത്തനംതിട്ടയിലേക്കുള്ള യാത്രയിൽ വഴിനീളെ ആരാധകർ ഇന്നലെ വരവേൽപു നൽകി. പെർമിറ്റ് വ്യവസ്ഥ ലംഘനവുമായി ബന്ധപ്പെട്ടു കോയമ്പത്തൂർ സെൻട്രൽ റീജനൽ ട്രാൻസ്പോർട്ട് ഓഫിസിൽ പിടിച്ചിട്ട ബസ്, ഇന്നലെ 10,000 രൂപ പിഴ അടച്ച ശേഷമാണു വിട്ടുനൽകിയത്. കേരളത്തിലെ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് തടയുമെന്നു കരുതിയെങ്കിലും ഉണ്ടായില്ല.
‘‘നമുക്കെല്ലാം നിയമത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ പ്രവർത്തിക്കാൻ കഴിയൂ. ആ വകുപ്പുമായി ബന്ധപ്പെട്ടവർ തന്നെ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. എന്തുകൊണ്ടാണ് തമിഴ്നാട് ഈ ബസ് സർവീസിനെതിരെ നടപടി സ്വീകരിച്ചത്? കേരളത്തിൽ മാത്രമല്ലല്ലോ പ്രശ്നം. ഏറ്റവും കൂടുതൽ സംരംഭകത്വത്തിന് അനുകൂലമായ സാഹചര്യമുണ്ടെന്ന് നിങ്ങൾ എല്ലാവരും എപ്പോഴും പറയുന്ന സംസ്ഥാനമാണല്ലോ തമിഴ്നാട്. അവർ എന്തിനാണ് ആ വണ്ടി പിടിച്ചെടുത്തത്? നിയമപരമായിരിക്കണം എന്നേ ഞങ്ങൾ പറയുന്നുള്ളൂ.’’– മന്ത്രി രാജീവ് പറഞ്ഞു.
അതിനിടെ, കോടതി ഇടപെടലിനു പിന്നാലെ റോബിൻ ബസ് പത്തനംതിട്ടയിൽനിന്നും കോയമ്പത്തൂരിലേക്കു വീണ്ടും സർവീസ് തുടങ്ങി. അഞ്ചു മണിക്ക് ആരംഭിക്കേണ്ടിയിരുന്ന സർവീസ് ചെറിയ തകരാർ മൂലം രണ്ടര മണിക്കൂറോളം വൈകിയാണ് തുടങ്ങിയത്. ഒട്ടേറെ ആളുകളാണ് ബസിനു സ്വീകരണം നൽകാൻ പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തിയത്. നോട്ടുമാലയണിയിച്ചും മുദ്രാവാക്യം വിളിച്ചും അവർ ബസ് സർവീസിനു പിന്തുണ ആവർത്തിച്ചു. മുഴുവൻ സീറ്റിലും യാത്രക്കാരുമായാണ് ബസ് പത്തനംതിട്ടയിൽനിന്നു പുറപ്പെട്ടത്. മോട്ടർ വാഹന വകുപ്പിന്റെ നടപടി തുടർന്നാൽ ശക്തമായി പ്രതികരിക്കുമെന്ന് ബസ് ഡ്രൈവർ നിതീഷ് വ്യക്തമാക്കി.