തിരുവനന്തപുരം: പ്രളയക്കെടുതി മൂലം മൃഗസംരക്ഷണ ക്ഷീരവികസന മേഖലയിലെ ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു. പ്രളയക്കെടുതി മൂലം ഉണ്ടായ നാശനഷ്ടങ്ങളും ദുരന്തനിവാരണ പ്രവര്‍ത്തങ്ങളും വിലയിരുത്തുന്നതിന് ചേര്‍ന്ന മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പുകളുടെ യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
മഴക്കെടുതി പ്രാഥമിക വിലയിരുത്തലില്‍ സംസ്ഥാനത്ത് 91 ഉരുക്കളും, 42 ആടുകള്‍, 25032 കോഴികള്‍, 274 തൊഴുത്തുകള്‍, 29 ല്‍ പരം കോഴിക്കൂടുകള്‍, അഞ്ച് ലക്ഷം രൂപയുടെ കാലിത്തീറ്റ ഉള്‍പ്പെടെ രണ്ട് കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.
മൃഗസംരക്ഷണ – ക്ഷീരവികസന മേഖലയില്‍ കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും കണ്ട്രോള് റൂം തുറക്കുകയും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പ്രകൃതിക്ഷോഭത്തിനു സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി മുന്മുതല് നടപടി സ്വീകരിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ കന്നുകാലികളെ മാറ്റിപാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാകുന്ന സന്ദര്‍ഭങ്ങളില്‍ ജില്ലാതല ദുരന്ത നിവാരണ അതോറിറ്റിയുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ വകുപ്പിലെ ജില്ലാതല ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വകുപ്പിലെ ജില്ലാതല കണ്ട്രോള് റൂമുകളില്‍ നിന്നുള്ള വിവരങ്ങള്‍ സംസ്ഥാനതലത്തിലുള്ള കണ്ട്രോള് റൂമില്‍ ക്രോഡീകരിച്ച് നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ജില്ലാ തലത്തില്‍ ക്ഷീരവികസനം, മൃഗസംരക്ഷണം, മില്‍മ തുടങ്ങിയ മേഖലകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജില്ലാതല ലൈവ് സ്റ്റോക്ക് ആന്‍ഡ് പൗള്‍ട്ടറി ദുരന്തനിവാരണ കമ്മിറ്റിക്കു രൂപം നല്കാന് യോഗത്തില്‍ തീരുമാനമായതായി മന്ത്രി അറിയിച്ചു.
ജില്ലാതലത്തില്‍ ദുരന്തനിവാരണ വകുപ്പില്‍ നിന്നുള്ള ധനസഹായം കര്‍ഷകര്‍ക്ക് സമയബന്ധിതമായി എത്തിക്കുന്നതിന് മന്ത്രി വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്കി. ധനസഹായ വിതരണത്തിനുള്ള അപേക്ഷ ക്ഷണിക്കാനും യോഗത്തില്‍ തീരുമാനിച്ചു.
പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായ കര്‍ഷകര്‍ അതാതു പഞ്ചായത്തിലെ മൃഗാശുപത്രിയിലെ വെറ്ററിനറി സര്‍ജന്റെ ഓഫീസിലോ, ക്ഷീരവികസന വകുപ്പിന്റെ ബ്ലോക്ക് തലത്തിലെ ഓഫീസിലോ പത്ത് ദിവസത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണമെന്നും മന്ത്രി അറിയിച്ചു.
