പെരുമ്പാവൂര്‍: കഞ്ചാവുമായി മറുനാടന്‍ തൊഴിലാളി പിടിയില്‍. ഒഡീഷ അനുഘഞ്ച് സ്വദേശി സൂരജ് ബീറ(26)യെയാണ് 16 കിലോ കഞ്ചാവുമായി പെരുമ്പാവൂര്‍ എ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഒഡീഷയില്‍നിന്ന് ട്രെയിന്‍ മാര്‍ഗം എത്തിച്ച കഞ്ചാവുമായി പെരുമ്പാവൂര്‍ ഭാഗത്തേക്ക് വരുമ്പോള്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മാറമ്പിള്ളിയില്‍നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. രണ്ട് ബാഗുകളിലായാണ് പ്രതി കഞ്ചാവ് സൂക്ഷിച്ചിരുന്നത്. രണ്ടുകിലോ വീതമുള്ള എട്ട് പാക്കറ്റുകളാണ് ഇതിലുണ്ടായിരുന്നത്. ഹോട്ടല്‍ തൊഴിലാളിയായ ഇയാള്‍ മറുനാടന്‍ തൊഴിലാളികള്‍ക്കിടയില്‍ വില്‍പ്പന നടത്താനാണ് കഞ്ചാവ് എത്തിച്ചതെന്നും പോലീസ് പറഞ്ഞു.
പെരുമ്പാവൂരില്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ പ്രത്യേക അന്വേഷണസംഘം നാല് കിലോ കഞ്ചാവും 50 ഗ്രാം ഹെറോയിനും പിടികൂടിയിരുന്നു. കഴിഞ്ഞയാഴ്ച നടന്ന റെയ്ഡില്‍ ലക്ഷക്കണക്കിന് രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളും മയക്കുമരുന്നും പിടികൂടി.
എ.എസ്.പി മോഹിത് രാവത്ത്, ഇന്‍സ്പെക്ടര്‍ എം.കെ രാജേഷ്, സബ് ഇന്‍സ്പെക്ടര്‍മാരായ ടോണി ജെ മറ്റം, റെജി മോന്, എ.എസ്.ഐ പി എ അബ്ദുല്‍ മനാഫ്, സീനിയര്‍ സി പി ഒ മാരായ ടി.എന്‍ മനോജ് കുമാര്‍, ടി.എ അഫ്സല്, സിപിഒ മാരായ കെ.എ അഭിലാഷ്, ബെന്നി ഐസക്, മുഹമ്മദ് ഷാന്‍ തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുള്ളത്.