കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മഹാത്മാ ഗാന്ധി സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല. മുന്‍ നിശ്ചയിച്ച പ്രകാരം പരീക്ഷകള്‍ നടക്കുമെന്ന് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പൊഫ സാബു തോമസ് അറിയിച്ചു.
നാലാം സെമസ്റ്റര്‍ പരീക്ഷകള്‍ ബുധനാഴ്ച മുതല്‍ ആരംഭിക്കും. സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചതായും വിദ്യാര്‍ത്ഥികള്‍ കോളേജുകളില്‍ എത്തേണ്ടതില്ലെന്നും വൈസ് ചാന്‍സലറുടെ പേരില്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടക്കുന്നുണ്ട്. ഇതിന്റെ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
കോവിഡ് 19 രോഗ ബാധയെ തുടര്‍ന്ന് പരീക്ഷകള്‍ മാറ്റിവെക്കേണ്ടതില്ലെന്ന നിലപാടിലാണ് സര്‍വ്വകലാശാലകള്‍. നേരത്തെ പരീക്ഷകള്‍ നിശ്ചയിച്ച തിയതികളില്‍ തന്നെ നടത്തുമെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിശ്ചയിച്ച തിയതികളില്‍ പരീക്ഷകള്‍ നടത്തുമെന്ന് എംജി സര്‍വ്വകലാശാലയും അറിയിച്ചത്.
വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ മാറ്റിവെക്കണമെന്നാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ ആവശ്യം. എന്നാല്‍ പരീക്ഷകള്‍ മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്നും, വിദ്യാര്‍ത്ഥികള്‍ സുരക്ഷാ സംവിധാനങ്ങള്‍ കയ്യില്‍ കരുതിയാല്‍ മതിയെന്നുമാണ് സര്‍വ്വകലാശാല അധികൃതര്‍ പറയുന്നത്.