എംപി വീരേന്ദ്രകുമാറിൻറെ വേർപാടിന്റെ വേദനയിൽ ഇന്ത്യയിലെ നിരവധി പ്രമുഖർ ആദരാഞ്ജലികൾ അർപ്പിക്കുകയും ഓർമ്മകൾ പങ്കുവയ്ക്കുകയും ചെയ്തു. മാതൃഭൂമി മിഡിൽ ഈസ്റ്റ് ബ്യൂറോ ചീഫ് പറമ്പത്തു ശശീന്ദ്രൻ തന്റെ ഓർമ്മകൾ ഇങ്ങനെ ഫേസ്ബുക്കിൽ പങ്കുവച്ചു…
“മൂന്ന് ദിവസം മുമ്പാണ്. പതിവ് പോലെ നന്ദന്റെ ഫോണ്‍. ‘ദാ, എം.ഡിക്ക് കൊടുക്കാം’ എങ്ങിനെയുണ്ട് ശശീ..നിങ്ങള്‍ ഇങ്ങിനെ അവിടെ കിടക്കുമ്പോള്‍ ഒരു വിഷമം, പെട്ടെന്ന് ശരിയാവും. ധൈര്യമായിരിക്കൂ’..വയ്യായ്മയിലേക്ക് നീണ്ട സംഭാഷണം അവസാനിച്ചു. ചില ശാരീരീകാസ്വസ്ഥ്യങ്ങള് കാരണം ഒരു മാസത്തോളമായി ഞാന്‍ ആസ്പത്രി വാസത്തിലും വിശ്രമത്തിലുമാണ്. അസുഖമാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ വിളിയെത്തി. ധൈര്യമായിരിക്കാന്‍ ഉപദേശിച്ചു. ദാ, ഉഷക്ക് കൊടുക്കാം. അവരും വിശേഷങ്ങള്‍ ചോദിച്ച് വേഗം ഭേദമാകട്ടെ എന്ന് ധൈര്യം പകര്‍ന്നു. മൂന്നോ നാലോ ദിവസത്തിന്റെ ഇടവേളകളില്‍ അദ്ദേഹത്തിന്റെ അന്വേഷണങ്ങള്‍ വന്നുകൊണ്ടിരുന്നു. എപ്പോഴും സുഖമായി വരുന്നൂ എം.ഡീ എന്ന് പറഞ്ഞ് ആ സംസാരം അവസാനിക്കും.
എം.പി.വീരേന്ദ്രകുമാര്‍ മാതൃഭൂമിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ്. 1984 ല്‍ മാതൃഭൂമിയിലെത്തുന്നത് അദ്ദേഹത്തിന്റെ കൈയൊപ്പുള്ള കത്തുമായിട്ടായിരുന്നു. വൈകാതെ ഞാന്‍ കണ്ണൂരില്‍ ലേഖകനായി കോഴിക്കോടിനോട് യാത്ര പറഞ്ഞു. ഞങ്ങള്‍ ജീവനക്കാരെല്ലാം അദ്ദേഹത്തെ എം.ഡി എന്ന് മാത്രമേ പറയാറുള്ളൂ. അദ്ദേഹത്തോട് സംസാരിക്കുമ്പോഴും അങ്ങിനെ തന്നെ. കണ്ണൂരിലെത്തിയ ശേഷമാണ് അദ്ദേഹവുമായി കൂടുതല്‍ അടുക്കുന്നത്. മയ്യഴി പുഴക്ക് ഇപ്പുറം കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ എന്ത് പരിപാടിയുണ്ടെങ്കിലും തലേന്ന് തന്നെ നന്ദന്റെ വിളിയെത്തും. നിങ്ങളോട് എന്തായാലും കൂടെ വരണമെന്ന് എം.ഡി പറഞ്ഞിട്ടുണ്ടെന്ന നിര്‍ദ്ദേശവും. അങ്ങിനെ എത്രയോ യാത്രകള്‍. സെന്‍ട്രല്‍ ജയിലിന് മുന്നിലെത്തുമ്പോള്‍ അറിയാതെ തന്റെ പഴയ ജയില്‍ വാസം അദ്ദേഹം ഓര്‍ത്തെടുക്കും. ഓരോ തമാശകള്‍ വരും. വായിക്കുന്ന പുസ്തകങ്ങളും ചര്‍ച്ചകളാവും. അങ്ങിനെയൊരു യാത്രയിലാണ് അദ്ദേഹത്തിനൊപ്പം ഹിമാലയത്തില്‍ മൂന്നാഴ്ചയോളം നീണ്ട യാത്രക്കും വഴിതുറന്നത്. ആ ഹിമാലയന്‍ യാത്ര ജീവിതത്തിലെ തന്നെ വലിയൊരു അനുഭവമായിരുന്നു.
ദുബായില്‍ എം.ഡിക്ക് ചില പരിപാടികളുണ്ടെന്നും അത് കവര്‍ ചെയ്യണമെന്നും പറഞ്ഞാണ് 2012 ല്‍ അദ്ദേഹത്തിനും മാനേജിങ് എഡിറ്റര്‍ പി.വി.ചന്ദ്രനുമൊപ്പം ദുബായിലെത്തുന്നത്. എന്നാല്‍ പ്രധാന പരിപാടി മാതൃഭൂമിക്ക് അവിടെ എഡിഷന് തുടങ്ങാനുള്ള സ്ഥലം കണ്ടെത്തലാണെന്ന് ദുബായില്‍ എത്തിയപ്പോഴാണ് മനസ്സിലായത്. ജോയിന്റ് മാനേജിങ് ഡയറക്ടര്‍ എം.വി.ശ്രേയാംസ് കുമാര്‍ അതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതും അറിഞ്ഞിരുന്നില്ല.പബ്ലിക് റിലേഷന്‍സ് മാനേജര്‍ കെ.ആര്.പ്രമോദുമുണ്ട് കൂടെ. അടുത്ത ദിവസം പുലര്‍ച്ചെ പത്നീ സമേതം വീരേന്ദ്രകുമാറിനും പി.വി.ചന്ദ്രനും ലണ്ടനിലേക്ക് പോകണം. ദുബായ് മാളിലെ ഏതോ കോഫി ഷോപ്പിലിരുന്ന് അദ്ദേഹം ദുബായ് എഡിഷനെ കുറിച്ച് സംസാരിച്ചു. മാനേജിങ് എഡിറ്ററുമുണ്ട് കൂടെ. നിങ്ങള്‍ക്ക് ഇവിടെ നില്ക്കാന് പറ്റില്ലേ.. ? അപ്രതീക്ഷിതമായിരുന്നു ചോദ്യം. ആ നിര്‍ദ്ദേശം സ്വീകരിച്ചു. ഇപ്പോള്‍ ആരോടും പറയരുതെന്ന് ഉപദേശവും. അങ്ങിനെയാണ് 2013 മാര്‍ച്ചില്‍ മാതൃഭൂമിയുടെ നവതി ആഘോഷത്തിന്റെ ഭാഗമായി ആദ്യ വിദേശ എഡിഷന് പിറക്കുന്നത്. 2014 ല്‍ ഷാര്‍ജ പുസ്തകോല്സവത്തില്് അതിഥിയായി അദ്ദേഹമെത്തി. മിക്ക ദിവസവും മാതൃഭൂമി പവലിയനിലിരുന്ന് പ്രവാസികളുമായി സംസാരിച്ചു. അദ്ദേഹത്തിനോടുള്ള മലയാളികളുടെ ആദരവും സ്നേഹവും വീണ്ടും വീണ്ടും തിരിച്ചറിഞ്ഞ നാളുകള്‍.
മാതൃഭൂമി ജര്‍ണലിസ്റ്റ് യൂനിയന്‍ ഭാരവാഹിയായും കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഭാരവാഹിയായും നിരവധി തവണ അദ്ദേഹവുമായി ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടുണ്ട്. ചിലപ്പോള്‍ അദ്ദേഹം പൊട്ടിത്തെറിച്ചിട്ടുമുണ്ട്. അപ്പോഴും എന്നോട് ഒരു വാല്‍സല്യം എവിടെയോ കരുതിവെച്ചിരുന്നു അദ്ദേഹം. അദ്ദേഹം എനിക്ക് എം.ഡി മാത്രമായിരുന്നില്ല, അച്ഛനെ പോലെയായിരുന്നു. വഴികാട്ടിയായിരുന്നു. ജീവിതത്തിലെ നിര്‍ണ്ണായക തീരുമാനങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ഉപദേശം തേടി. മകളുടെ കല്യാണ ദിവസം കല്‍പ്പറ്റയിലെ കോടതി കെട്ടിടം ഉദ്ഘാടനത്തിലെ മുഖ്യാതിഥി വേഷം പോലും ഉപേക്ഷിച്ച് അദ്ദേഹം കണ്ണൂരിലെത്തി അനുഗ്രഹിച്ചിട്ടുണ്ട്. പുതിയ വീട് വെച്ചപ്പോള്‍ വരാന്‍ പറ്റാത്തതിലെ വിഷമം മറ്റൊരു യാത്രക്കിടയില്‍ വീട്ടിലെത്തി മണിക്കൂറുകളോളം കുടുംബവുമായി സല്ലപിച്ചാണ് അദ്ദേഹം തീര്‍ത്തത്. അങ്ങിനെ മറക്കാനാവാത്ത എത്രയെത്ര മുഹൂര്‍ത്തങ്ങള്‍, ഓര്‍മ്മകള്‍. അവസാനമായൊന്ന് കാണാന്‍ പോലുമാവുന്നില്ലെന്ന സങ്കടം ബാക്കി. എങ്കിലും എം.ഡിയായി തന്നെ അദ്ദേഹം കൂടെയുണ്ടാവും. എന്നും. കണ്ണീരോടെ വിട…”