സിംല: ഹിമാചല്‍ പ്രദേശിലെ സിംലയില്‍ വച്ച് രണ്ടു ദിവസമായി നടന്നു വന്നിരുന്ന അഖിലേന്ത്യാ പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ യോഗം ഇന്ന് അവസാനിച്ചു. ലോക് സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന സമ്മേളനത്തില്‍ വിവിധ പ്രമേയങ്ങള്‍ അവതരിപ്പിക്കുകയും പാസ്സാക്കുകയുമുണ്ടായി.
പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങള്‍ക്കുള്ള ട്രയിനിംഗ് പ്രോഗ്രാമുകള്‍ ശക്തമാക്കുക, ഏറ്റവും നല്ല സഭാംഗത്വത്തെ തെരഞ്ഞെടുക്കുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കുക, നിയമസഭാ സെക്രട്ടേറിയറ്റുകള്ക്കുള്ള ധനപരമായ സ്വാതന്ത്ര്യം ഉറപ്പാക്കുക, സഭാ കമ്മിറ്റികളുടെ പ്രവര്‍ത്തനം ശക്തമാക്കുക തുടങ്ങിയവയാണ് പ്രധാനമായും പാസ്സായ പ്രമേയങ്ങള്‍.

കൂടാതെ, സംസ്ഥാന നിയമസഭകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പിക്കുന്നതിനായി രാജസ്ഥാന് സ്പീക്കര്‍ സി.പി. ജോഷി അധ്യക്ഷനായി രൂപീകരിച്ചിരുന്ന കമ്മിറ്റിയുടെ റിപ്പോര്‍ട്ടുകളും സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ടു.

തുടര്‍ന്ന് നടന്ന സമാപന സമ്മേളനത്തില്‍ ഹിമാചല്‍ സ്പീക്കര്‍ വിപിന്‍ സിംഗ് പര്‍മര്‍ സ്വാഗതം ആശംസിച്ചു. ലോക് സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് ഹരിവംശ്, കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിംഗ് സ്പോര്‍ട്സ് യുവജനകാര്യ മന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍, ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ എന്നിവര്‍ അഭിസംബോധന ചെയ്തു. ഹിമാചല്‍ പ്രദേശ് ഡെപ്യൂട്ടി സ്പീക്കര്‍ ഹന്‍സ് രാജ് കൃതജ്ഞത രേഖപ്പെടുത്തി.

പാസ്സാക്കിയ പ്രമേയങ്ങള്‍ സംബന്ധിച്ച് രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് ഹരിവംശ് റായുടെ അധ്യക്ഷതയില്‍ കൂടിയ സബ്കമ്മിറ്റിയുടെ ചര്‍ച്ചകളില്‍ പങ്കെടുത്ത് കേരള നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷും സംസാരിച്ചു.
ബ്രിട്ടീഷ് ഭരണകാലത്ത് 1921 ല്‍ സിംലയില്‍ വച്ചായിരുന്നു രാജ്യത്ത് ആദ്യമായി പ്രിസൈഡിംഗ് ഓഫീസേഴ് കോണ്‍ഫറന്‍സ് നടന്നത്. അതിന്റെ നൂറാം വാര്‍ഷികാഘോഷം കൂടിയായിരുന്നു സിംലയില്ത്തന്നെ ചേര്‍ന്ന ഇത്തവണത്തെ കോണ്‍ഫറന്‍സ്.
