തൃശൂർ : ഒളിമ്പ്യൻ മയൂഖ ജോണിയ്ക്ക് വധഭീഷണി കത്ത്. തന്റെ സുഹൃത്തിന് നേരിടേണ്ടിവന്ന പീഡനത്തെക്കുറിച്ച് തുറന്നു പറഞ്ഞതിന് പിന്നാലെയാണ് മയൂഖ ജോണിയ്ക്ക് ഭീഷണി സന്ദേശമുള്ള ഊമക്കത്ത് കിട്ടിയത്. പീഡനക്കേസുമായി മുന്നോട്ട് പോയാൽ മയൂഖയേയും ഭർത്താവിനേയും കുഞ്ഞിനേയും ഇല്ലാതാക്കുമെന്നും കത്തിൽ പറയുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങളാണ് കത്തിൽ ഉള്ളത്.
കത്ത് ലഭിച്ചതിനെ തുടർന്ന് ഡിജിപിയ്ക്ക് പരാതി നൽകിയതായി മയൂഖ ജോണി പറഞ്ഞു. ജോൺസൺ തന്നെയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത് എന്നും കത്തിൽ ഉണ്ട്. കത്ത് അയച്ചതിന് പിന്നിൽ പ്രതിയുടെ ആളുകളാണെന്ന് സംശയിക്കുന്നതായും മയൂഖ വ്യക്തമാക്കി.
2016 ലാണ് കേസിനാസ്പദമായ സംഭവം. ചാലക്കുടി സ്വദേശിയായ ചുങ്കത്ത് ജോൺസൺ വീട്ടിൽ ആരുമില്ലാത്ത സമയത്ത് പെൺകുട്ടിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പകർത്തുകയും ചെയ്തു എന്നാണ് പരാതി. അന്ന് അവിവാഹിതയായതിനാൽ പരാതി നൽകിയില്ല. എന്നാൽ 2018 ൽ പെൺകുട്ടി വിവാഹിതയായതോടെ പ്രതി വീണ്ടും ഭീഷണിപ്പെടുത്താൻ ആരംഭിച്ചു. തുടർന്ന് ഭർത്താവിന്റെ നിർദ്ദേശപ്രകാരം മാർച്ചിൽ പരാതി നൽകി. ചാലക്കുടി മജിസ്ട്രേറ്റ് ഇവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
എന്നാൽ പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇയാൾക്ക് വേണ്ടി മന്ത്രിതലത്തിൽനിന്ന് വരെ ഇടപെടലുണ്ടായെന്നും വനിതാ കമ്മീഷൻ മുൻ അദ്ധ്യക്ഷ എം സി ജോസഫൈൻ ഉൾപ്പെടെ പ്രതിയെ സംരക്ഷിക്കാൻ നോക്കി എന്നും മയൂഖ ജോണി ആരോപിച്ചു. റൂറൽ എസ്പി ജി പൂങ്കുഴലിയെ പ്രതികൾ സ്വാധീനിച്ചെന്നും മയൂഖ ജോണി പറഞ്ഞു. തൃശൂരിൽ വാർത്താ സമ്മേളനം വിളിച്ചായിരുന്നു മയൂഖ ജോണിയുടെ പരാമർശം. തൃശൂർ ആളൂർ പോലീസാണ് കേസന്വേഷിച്ചിരുന്നത്. മയൂഖയുടെ ആരോപണത്തിന് ശേഷം കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. എന്നാൽ ജോൺസൺ സിയോൻ പ്രസ്ഥാനത്തിലെ അംഗം ആയിരുന്നെന്നും ഇയാളോടുള്ള വൈരാഗ്യം മൂലമാണ് വ്യാജ പരാതി എന്നും പ്രതിയെ അനുകൂലിക്കുന്നവർ പറയുന്നു.