മനാമ: 60 വർഷമായി ബഹ്റൈനിലെ സൗന്ദര്യാസ്വാദകർക്കായി ഇന്ത്യൻ ക്ലബിൽ സംഘടിപ്പിക്കുന്ന സൗന്ദര്യമത്സരമായ ‘മേയ് ക്വീൻ ബാൾ’ ഇത്തവണ മേയ് 31 വെള്ളിയാഴ്ച നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വർഷങ്ങളായി ജനപ്രീതിയോടെ നടത്തപ്പെടുന്ന സൗന്ദര്യമത്സരം ഇത്തവണയും ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമാകും. ബഹ്റൈനിലുള്ള സൗന്ദര്യവതികളായ യുവതികൾ പ്രീമിയം വിഭാഗത്തിലാണ് ‘മേയ് ക്വീൻ ബാൾ’ സൗന്ദര്യമത്സരത്തെ വിലയിരുത്തുന്നത്.
പരിപാടിയുടെ ലോഗോയും സ്പോൺസർഷിപ് അപ്പീൽ ഫോമുകളും കഴിഞ്ഞ ഫെബ്രുവരി 22ന് മേയ് ക്വീൻ ലോഞ്ച് ചെയ്തിരുന്നു. ബഹ്റൈനിൽ താമസിക്കുന്ന 16 വയസ്സിനു മുകളിലുള്ള രാജ്യദേശഭേദമന്യേ എല്ലാ വനിതകൾക്കും മത്സരത്തിൽ പങ്കെടുക്കാം.
ബഹ്റൈനിൽ കഴിഞ്ഞ 60 വർഷമായി ‘മേയ് ക്വീൻ’ എന്ന പേരിൽ പരിപാടി നടത്തി വരുന്നു. ബഹ്റൈൻ, ഇന്ത്യ, യുണൈറ്റഡ് കിംഗ്ഡം, യുഎസ്എ, നെതർലാൻഡ്സ്, റഷ്യ, ശ്രീലങ്ക, ഫ്രാൻസ്, ഫിലിപ്പീൻസ് തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീകളെ വർഷങ്ങളായി ഈ സൗന്ദര്യമത്സരം ആകർഷിക്കുന്നു.
മെയ് ക്വീൻ ക്രൗൺ, ഫസ്റ്റ് റണ്ണർ അപ്പ്, സെക്കൻഡ് റണ്ണറപ്പ് എന്നിവയുൾപ്പെടെ ബെസ്റ്റ് ക്യാറ്റ്വാക്ക്, ബെസ്റ്റ് സ്മൈൽ തുടങ്ങി വിവിധ വിഭാഗങ്ങളിലാണ് മത്സരം നടക്കുന്നത്. മത്സരത്തിന് മൂന്ന് മത്സര റൗണ്ടുകൾ ഉണ്ടായിരിക്കും. കാഷ്വൽ വെയർ, എത്നിക് വെയർ, പാർട്ടി വെയർ. ഈ മൂന്ന് റൗണ്ടുകൾക്ക് ശേഷം യോഗ്യത നേടുന്ന മത്സരാർത്ഥികളെ അവസാന റൗണ്ട് ചോദ്യ ഉത്തരത്തിന് വിധേയമാക്കും.
ഇന്ത്യൻ ക്ലബ് മെയ് ക്വീൻ 2024-ൻ്റെ രജിസ്ട്രേഷൻ ഫീസ് ഒരു മത്സരാർത്ഥിക്ക് BD10/- ആണ്, രജിസ്ട്രേഷൻ്റെ അവസാന തീയതി 2024 ഏപ്രിൽ 12 ആണ്.
വിജയികൾക്ക് പണം, ആഭരണങ്ങൾ, വിമാന ടിക്കറ്റുകൾ, ഫാഷൻ ആക്സസറികൾ, ഗിഫ്റ്റ് ഹാംപറുകൾ എന്നിവയുൾപ്പെടെ ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും. വിജയിയുടെ ആകെ സമ്മാനത്തുക 5000 യു.എസ് ഡോളറായിരിക്കും. എൻട്രി ഫോമുകൾക്കും കൂടുതൽ വിവരങ്ങൾക്കും, 39660475, 39279570, 35264335, 39952725, 33690011 നമ്പറുകളിൽ ബന്ധപ്പെടാം.