തിരുവനന്തപുരം: മംഗലപുത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് 20 വയസുകാരിയായ നഴ്സിങ് വിദ്യാർഥിയെ രണ്ടുപേർ ചേർന്ന് വീട്ടിൽ അതിക്രമിച്ചുകയറി അതിക്രൂരമായി പീഡിപ്പിച്ചത്. ഈസമയം, വീട്ടിൽ പെൺകുട്ടി ഒറ്റയ്ക്കായിരുന്നു. സമീപപ്രദേശത്ത് കേബിൾ പണിക്കായി എത്തിയ കൊല്ലം സ്വദേശികളാണ് ക്രൂരകൃത്യത്തിന് പിന്നിൽ. കഴിഞ്ഞ കുറച്ചുനാളുകളായി ഇവർ പ്രദേശത്ത് ജോലി ചെയ്തുവരികയാണ്. 20-കാരിയായ പെൺകുട്ടിയുടെ മാതാപിതാക്കളും സഹോദരനും പുറത്തുപോയ സമയം നോക്കിയാണ് രണ്ടുപേരും വീട്ടിൽ അതിക്രമിച്ചുകയറി ക്രൂര പീഡനത്തിനിരയാക്കിയത്. അക്രമികള്‍ ജോലി സംബന്ധമായി ഇതിനുമുമ്പും ഈ വീടിന്റെ പരിസരത്ത് എത്തിയിട്ടുള്ളതായാണ് വിവരം.
ഒച്ചവെയ്ക്കാന്‍ ആവുന്നതിനും മുമ്പേ ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ കീഴ്പ്പെടുത്തുകയായിരുന്നു എന്നാണ് പരാതി. പെൺകുട്ടിയുടെ വായിൽ തുണി തിരുകി ശേഷമായിരുന്നു പീഡനം. ഇതിനുപിന്നാലെ ഇരുവരും ഇവിടെനിന്ന് മുങ്ങിയിരുന്നു. എന്നാൽ, രാത്രിയോടെ പോലീസ് ഇരുവരേയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കൊല്ലം കൊട്ടിയം സ്വദേശികളായ ബൈജു, ജിയോ എന്നീ രണ്ടുപേരെയാണ് പിടികൂടിയത്. ഇതിൽ ബൈജു എന്നയാൾ പോലീസിന്റെ ഗുണ്ടാ ലിസ്റ്റിൽ പെട്ടയാളാണെന്നാണ് പോലീസ് പറയുന്നത്. കസ്റ്റഡിയിൽ എടുത്ത പ്രതികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്യും.