മാനന്തവാടി: മാനന്തവാടി ജീപ്പ് അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി രാഹുൽ ഗാന്ധി എംപി. അപകടം അത്യന്തം ദു:ഖകരമാണെന്ന് രാഹുൽഗാന്ധി പറഞ്ഞു. വേണ്ട നടപടികൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടവുമായി സംസാരിച്ചു. മരിച്ചവരുടെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെയെന്നും രാഹുൽ പറഞ്ഞു. വൈകുന്നേരം മൂന്നരയോടെയാണ് കണ്ണോത്ത് തലപ്പുഴയിൽ അപകടമുണ്ടായത്. ജീപ്പ് കൊക്കയിലേക്ക് വീണ് 9 പേരാണ് മരിച്ചത്. മക്കിമല ആറാം നമ്പർ കോളനിയിലെ റാണി, ശാന്ത, ചിന്നമ്മ, ലീല, ഷാജ, റാബിയ, ശോഭന, മേരിഅക്ക, വസന്ത എന്നിവരാണ് മരിച്ചത്.
തേയില തൊഴിലാളികളായിരുന്നു യാത്രക്കാർ. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആശുപത്രിയിലേക്ക് എത്തിക്കുo മുമ്പ് തന്നെ 9 പേരും മരിച്ചിരുന്നു. ജീപ്പിൽ ഉണ്ടായിരുന്നത് 12 പേരാണെന്നാണ് പുറത്തുവരുന്ന വിവരം. തേയിലനുള്ളി പണി കഴിഞ്ഞുവരുന്നതിനിടെയാണ് അപകടം. പന്ത്രണ്ട് പേരാണ് ജീപ്പിലുണ്ടായിരുന്നത്. അതിൽ 11സ്ത്രീകളായിരുന്നു. അപകടം നടന്നയുടനെ പരിസരവാസികളെത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അതിൽ 9 പേർ മരിച്ചതായി ഡിഎംഒ അറിയിച്ചു. മരണം സ്ഥിരീകരിച്ച ശേഷം മൃതദേഹങ്ങൾ മാനന്തവാടി ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ പോസ്റ്റ്മോർട്ടം നടപടികൾ നാളെ നടക്കും. ഗുരുതരമായി പരിക്കേറ്റവർക്ക് കൂടുതൽ ചികിത്സ ആവശ്യമെങ്കിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും. അതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.