മനാമ: ടൂറിസം മന്ത്രി ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന മനാമ ഗോൾഡ് ഫെസ്റ്റിവൽ 2023 ന്റെ രണ്ടാം പതിപ്പിന് സമാപനമായി. ബാബ് അൽ ബഹ്റൈനിൽ നടന്ന സമാപന ചടങ്ങിൽ ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (ബിടിഇഎ) ബോർഡ് അംഗങ്ങൾ, സൂഖ് അൽ മനാമ ഡെവലപ്മെന്റ് കമ്മിറ്റി അംഗങ്ങൾ, വ്യാപാരി സമൂഹത്തിന്റെ പ്രതിനിധികൾ, സ്വർണ വ്യാപാരികൾ എന്നിവർ പങ്കെടുത്തു. രാജ്യത്തെ വിനോദസഞ്ചാരികളുടെ ആകർഷണകേന്ദ്രമാക്കുക എന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിച്ച മനാമ ഗോൾഡ് ഫെസ്റ്റിവൽ വൻ വിജയമെന്ന് സംഘാടകരായ ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ) അറിയിച്ചു.
ലോകമെമ്പാടുമുള്ള 61 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 45 ദിവസത്തിനുള്ളിൽ 5,543 ഉപഭോക്താക്കളാണ് ഇത്തവണ ഇവിടെ എത്തിയത്. മുൻ വർഷം 12 രാജ്യങ്ങളിൽ നിന്ന് 1,549 ഉപഭോക്താക്കളുമായി താരതമ്യം ചെയ്യുമ്പോൾ 257% വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഗോൾഡ് ഫെസ്റ്റിവലിൽ സൂഖ് അൽ മനാമയിലെ 416 സ്വർണ്ണക്കടകളാണ് പങ്കെടുത്തത്. 2022 ലെ ആദ്യ പതിപ്പിൽ 203 സ്വർണ്ണക്കടകളാനുണ്ടായിരുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 105% വർദ്ധനവ് ഉണ്ടായി. 4 മില്യൺ ബഹ്റൈൻ ദിനാറിന്റെ വ്യാപാരം ഫെസ്റ്റിവലിൽ നടന്നു. 2022ലെ ഫെസ്റ്റിവലിൽ 1.25 ദശലക്ഷം ദീനാറിന്റെ കച്ചവടമാണ് നടന്നത്. മുൻവർഷത്തേക്കാൾ 220 ശതമാനം വർധനവുണ്ടായെന്നും ഇത് ബഹ്റൈൻ സ്വർണവ്യാപാരത്തിന്റെ വിജയത്തിന്റെ തെളിവാണെന്നും ബി.ടി.ഇ.എ സി.ഇ.ഒ ഡോ. നാസർ ഖാഇദി പറഞ്ഞു.
മേളയിൽ അഞ്ച് പ്രതിവാര നറുക്കെടുപ്പുകളാണ് നടത്തിയത്. മൊത്തം 62 റാഫിൾ സമ്മാനങ്ങളും രണ്ട് ഗ്രാന്റ് സമ്മാനങ്ങളും നൽകി. 13 പേർ പ്രതിവാര നറുക്കെടുപ്പിൽ വിജയികളായി. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, നിയാസ് പേൾസ്, ജംബോ ഗോൾഡ്, അൽസീഫ് ജ്വല്ലറി, മഷല്ല സിറ്റി, അൽതൗഹീദ് ജ്വല്ലറി, അൽഹാഷിമി പേൾസ്, അൽജസ്റ ജ്വല്ലറി, അൽഷർഹാൻ പേൾസ്, മനാമ പേൾ, ബിൻ നാസർ ജ്വല്ലറി, അൽനഫീസെ ജ്വല്ലറി, തബബത്ത് അൽ ബഹറിൻ ജ്വല്ലറി, ബഹാർ ജ്വല്ലറി എന്നിങ്ങനെ 32 സ്വർണവ്യാപാര സ്ഥാപനങ്ങളാണ് മേളയുടെ സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്.
“ബഹ്റൈൻ ഗോൾഡ്, മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായി” എന്ന പ്രമേയത്തിലാണ് മനാമ ഗോൾഡ് ഫെസ്റ്റിവൽ നടന്നത്. ബഹ്റൈന്റെ സ്വർണ്ണ ചരിത്രത്തെക്കുറിച്ചുള്ള കലാപരവും വിജ്ഞാനപ്രദവുമായ കാര്യങ്ങൾ അടുത്തറിയാനുള്ള അവസരം, ബഹ്റൈൻ കലാകാരന്മാരുടെ വൈവിധ്യമാർന്ന കലാസൃഷ്ടികൾ, ലൈവ് സംഗീത പരിപാടികൾ എന്നിവയും ഒരുക്കിയിരുന്നു. ഗോൾഡ് മ്യൂസിയം, പോപ്പപ് മാർക്കറ്റ് എന്നിവയും പരിപാടിയുടെ ഭാഗമായി വിവിധ ദിനങ്ങളിൽ നടന്നു.
സ്വർണ്ണം, അതിന്റെ തരങ്ങൾ, വില, അസംസ്കൃത സ്വർണ്ണം, സ്വർണ്ണപ്പണിയുടെ കല, ക്ലാസ് മുറിയിൽ ആഭരണങ്ങൾ രൂപകൽപ്പന ചെയ്യുകയും പ്രയോഗിക്കുകയും ചെയ്യുന്ന കല, പേപ്പറിൽ 3D ശൈലിയിൽ വരയ്ക്കൽ എന്നിവയിൽ പ്രത്യേക ശിൽപശാലകൾ നടന്നു.ദി ബ്രദർ ഗിറ്റാറിസ്റ്റുകൾ, ഹസീം അൽറവാസ്, സിൽവിയ സാദ്, അബ്ദുല്ല ഹാജി, നൂർ അൽബസ്രി, ബസ്മ ഒസ്മാൻ എന്നിവർ അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് ഷോകളും ഫെസ്റ്റിവലിൽ നടന്നു.
സ്വർണവ്യാപാരവുമായി ബന്ധപ്പെട്ട് ബഹ്റൈന് ദീർഘകാല ചരിത്രമുണ്ട്. സ്വർണവ്യാപാരത്തിന് കൃത്യമായ നിയന്ത്രണം കൊണ്ടുവന്നതും ബഹ്റൈനാണ്. ഉൽപാദനത്തിലും കയറ്റുമതിയിലുമെല്ലാം വ്യക്തമായ ചട്ടങ്ങൾ രാജ്യം രൂപവത്കരിച്ചിരുന്നു. മിഡിലീസ്റ്റിലാകമാനം ഇത് മാതൃകയായിരുന്നു. ഈ ബൃഹത്തായ പാരമ്പര്യം മറ്റുരാജ്യങ്ങളിൽ നിന്നടക്കമെത്തുന്ന വിനോദസഞ്ചാരികൾക്കുമുന്നിൽ തുറന്നുകാണിക്കുകയും വ്യാപാരം അഭിവൃദ്ധിപ്പെടുത്തുകയും ഫെസ്റ്റിവലിലൂടെ ലക്ഷ്യമിട്ടിരുന്നു. സ്വർണവ്യാപാരം സംബന്ധിച്ച രാജ്യത്തിന്റെ ചരിത്രം വിശദമാക്കുന്ന പ്രദർശനവും ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്നു.
മനാമ ഗോൾഡ് ഫെസ്റ്റിവൽ 2023-ന്റെ രണ്ടാം പതിപ്പ് വിജയം 2022-2026 ടൂറിസം തന്ത്രം കൈവരിക്കുന്നതിനും ടൂറിസം വികസന കുതിപ്പുകൾ ത്വരിതപ്പെടുത്തുന്നതിനും വഴിയൊരുക്കും.