
പത്തനംതിട്ട: കസ്റ്റഡി മരണം എന്ന ആക്ഷേപത്തില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്ഷന്. പത്തനംതിട്ട കോയിപ്രം സിഐ ജി. സുരേഷ് കുമാറിനെതിരെയാണ് നടപടി. കഞ്ചാവ് വലിച്ചതിന് കസ്റ്റഡിയില്‍ എടുത്തയാള്‍ക്ക് മര്‍ദനമേറ്റു എന്ന പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത് വിട്ടയച്ച വരയന്നൂര്‍ സ്വദേശി കെ.എം. സുരേഷിനെ പിന്നീട് കോന്നി പോലീസ് സ്റ്റേഷന് പരിധിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
സുരേഷിനെ കസ്റ്റഡിയിലെടുക്കുകയും കഞ്ചാവ് വലിച്ചു എന്ന കുറ്റംചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. പിന്നീട് സ്റ്റേഷന് ജാമ്യം നല്കി സുരേഷിനെ വിട്ടയച്ചു എന്നാണ് പോലീസ് വിശദീകരണം. എന്നാല്‍, നാലുദിവസത്തിന് ശേഷം, മാര്‍ച്ച് 22-ന് സുരേഷിനെ കോന്നി പോലീസ് സ്റ്റേഷന് പരിധിയിലെ കുമ്പയ്ക്ക് സമീപമുള്ള ഒരു തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഈ സംഭവത്തില്‍ പോലീസ് പിന്നീട് കാര്യമായ അന്വേഷണം നടത്തിയിരുന്നില്ല. എന്നാല്‍, പോസ്റ്റുമോര്‍ട്ടത്തില്‍ സുരേഷിന്റെ ശരീരത്തില്‍ വാരിയെല്ലിനടക്കം ക്ഷതവും ചൂരല്‍കൊണ്ട് അടിച്ചതിന് സമാനമായ പാടുകളും ഉണ്ടായിരുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. പോസ്റ്റുമോര്‍ട്ടത്തില്‍ സുരേഷിന് ആരില്‍നിന്നോ മര്‍ദനം ലഭിച്ചതായി വ്യക്തമായിരുന്നിട്ടും പോലീസ് ഇതില്‍ അന്വേഷണം നടത്തിയില്ല.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുരേഷിന്റെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി. പിന്നാലെ, ഈ സംഭവത്തെക്കുറിച്ച് മാധ്യമവാര്‍ത്തകള്‍ വന്നശേഷമാണ് പോലീസ് അന്വേഷണം പ്രഖ്യാപിച്ചത്. ബന്ധുക്കള്‍ നല്കിയ പരാതിയിന്മേല് പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയാണ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
അഡീഷണല്‍ എസ്പി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ – കസ്റ്റഡി മര്‍ദനം, അന്യായമായി വാഹനം പിടിച്ചുവയ്ക്ല്‍, മൊബൈല്‍ഫോണ്‍ പിടിച്ചുവയ്ക്ല്‍ – എന്നിങ്ങനെ മൂന്ന് പ്രധാനകാര്യങ്ങള്‍ കണ്ടെത്തി. ഈ മൂന്ന് കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സിഐ സുരേഷ്കുമാറിനെതിരെ നടപടി ഉണ്ടായിരിക്കുന്നത്. അഡീഷണല്‍ എസ്പി അന്വേഷണ റിപ്പോര്‍ട്ട് ഡിഐജിക്ക് കൈമാറി.
കഞ്ചാവ് വലിച്ചെന്ന കേസില്‍ പിടികൂടിയ സുരേഷിനെ കോയിപ്രം പോലീസ് മര്‍ദിച്ചു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഡിഐജി കോയിപ്രം എസ്എച്ച്ഒ ആയ സുരേഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്തത്. കേസില്‍ അന്വേഷണം തുടരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് കേസില്‍ അന്വേഷണം നടത്തുന്നത്.
സംഭവത്തില്‍ കൂടുതല്‍ പോലീസുകാര്‍ക്ക് പങ്കുണ്ടോ എന്നും, സുരേഷിനെ കൂടുതല്‍ ദിവസങ്ങള്‍ കസ്റ്റഡിയില്‍ വെച്ചിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. അന്തിമറിപ്പോര്‍ട്ട് വന്നശേഷം തുടര്‍നടപടികള്‍ ഉണ്ടാകും എന്നും പോലീസ് വ്യക്തമാക്കി. പോലീസ് സ്റ്റേഷനില്‍നിന്നും മര്‍ദനമേറ്റതിന്റെ മനപ്രയാസത്തിലാണ് സുരേഷ് ജീവനൊടുക്കിയത് എന്നാണ് പോലീസിന്റെ ഇപ്പോഴത്തെ കണ്ടെത്തല്‍.
