
ന്യൂഡൽഹി: പത്തു ദിവസത്തിലേറെയായി ഭക്ഷണവും വെള്ളവും ലഭിക്കാതെ ഡൽഹിയിൽ മലയാളി മരിച്ചു. പത്തനംതിട്ട മെഴുവേലി സ്വദേശി അജിത് കുമാർ (53) ആണ് സകർപ്പൂരിലെ വാടക വീട്ടിൽ മരിച്ചത്. അവശ നിലയിൽ കണ്ടെത്തിയ അജിത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അജിത് കുമാർ താമസിച്ചിരുന്ന വീട് കുറേ ദിവസമായി അടഞ്ഞ് കിടക്കുകയായിരുന്നു. മാസങ്ങളായി വാടകയും നൽകിയിരുന്നില്ല. അജിതിനെ കുറിച്ച് യാതൊരു വിവരവും ഇല്ലാതെ വന്നതോടെ ഉടമ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് അവശനിലയിൽ കണ്ടെത്തിയത്.
അജിത് കുമാറിന്റെ ശരീരത്തിൽ ഒരു തുള്ളി രക്തം പോലുമില്ലാതെ എല്ലും തോലും മാത്രമായിരുന്നെന്ന് ശവസംസ്കാരം നടത്തിയവർ പറയുന്നു. വർഷങ്ങൾക്ക് മുൻപേ വീട് വിട്ട് ഡൽഹിയിലെത്തിയതാണ് അജിത്. ഈ അടുത്ത് നാട്ടിലേക്ക് ഫോൺ ചെയ്ത് തിരികെ വരുന്ന വിവരം അറിയിച്ചിരുന്നു.
