മക്ക/മദീന: റമദാനെ വരവേൽക്കാനൊരുങ്ങി മക്കയും മദീനയും. മസ്ജിദുൽ ഹറമും മദീനയിലെ മസ്ജിദുന്നബവിയും 24 മണിക്കൂറും പ്രാർത്ഥനയ്ക്കായി തുറന്നുകൊടുക്കും. തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് പ്രാർത്ഥനയ്ക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
നോമ്പ് തുറയ്ക്കുള്ള ഈന്തപ്പഴം, വെള്ളം, ഭക്ഷണം എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങളും ഉറപ്പാക്കി. മക്ക ഡെപ്യൂട്ടി അമീർ ബദർ ബിൻ സുൽത്താൻ രാജകുമാരൻ ഹറം പള്ളി സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. തീർത്ഥാടകരുടെയും സന്ദർശകരുടെയും സഞ്ചാരം സുഗമമാക്കുന്നതിന് പ്രദക്ഷിണ മുറ്റത്തിന്റെ തെക്ക് ഭാഗത്ത് മൂന്ന് പ്രവേശന കവാടങ്ങൾ കൂടി സജ്ജീകരിച്ചിട്ടുണ്ട്.
ഒരേസമയം 12,500 ലധികം വിശ്വാസികളെ ഉൾക്കൊള്ളാൻ കഴിയുന്ന മേൽക്കൂരയും ഇത്തവണ വിശ്വാസികൾക്കായി തുറന്നുകൊടുക്കും. മണിക്കൂറിൽ 1.07 ലക്ഷം തീർത്ഥാടകരെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിൽ മതാഫ് കെട്ടിടത്തിന്റെ വിപുലീകരണവും പുരോഗമിക്കുകയാണ്. നൂറുകണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.