തിരുവനന്തപുരം: സംസ്ഥാന പൊലീസ് നേതൃത്വത്തിൽ വലിയ അഴിച്ചുപണി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കമ്മീഷണർമാരെ മാറ്റും. സി എച്ച് നാഗരാജു തിരുവനന്തപുരം കമ്മീഷണറാകും. കെ സേതുരാമൻ കൊച്ചിയിൽ കമ്മീഷണറായും രാജ്പാൽ മീണ കോഴിക്കോട് കമ്മീഷണറായും ചുമതലയേൽക്കും.
സൈബർ പ്രവർത്തനങ്ങൾക്കായി പുതിയ എ.ഡി.ജി.പി തസ്തിക സൃഷ്ടിച്ചാണ് ടി വിക്രമിനെ നിയമിച്ചിരിക്കുന്നത്. പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി തസ്തികയ്ക്ക് തുല്യമായിരിക്കും ഈ തസ്തിക. സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ അധിക ചുമതലയും വിക്രം വഹിക്കും. വിക്രമിനെ കൂടാതെ ദിനേന്ദ്ര കശ്യപ്, ഗോപേഷ് അഗർവാൾ, എച്ച് വെങ്കിടേഷ്, അശോക് യാദവ് എന്നിവരെയും എ.ഡി.ജി.പിമാരായി ഉയർത്തി.
കേരള പൊലീസ് അക്കാദമി ഡയറക്ടറായി ഗോപേഷ് അഗർവാളിനെയും ആംഡ് പോലീസ് ബറ്റാലിയൻ എ.ഡി.ജി.പിയായി എച്ച് വെങ്കിടേഷിനെയും നിയമിച്ചു. വെങ്കിടേഷ് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്റെ അധിക ചുമതലയും വഹിക്കും. നീരജ് കുമാർ ഗുപ്ത, എ അക്ബർ എന്നിവരെ ഐ.ജിമാരായി നിയമിച്ചു. ഗുപ്തയെ നോർത്ത് സോൺ ഐ.ജിയായും അക്ബറിനെ ട്രാഫിക് ഐ.ജിയായും നിയമിച്ചു. ജി സ്പർജൻ കുമാർ ദക്ഷിണമേഖലയുടെ പുതിയ ഐ.ജിയാകും. ഹർഷിത അട്ടല്ലൂരിയെ വിജിലൻസ് ഐ.ജിയായും പി പ്രകാശിനെ ഇന്റലിജൻസ് ഐ.ജിയായും നിയമിച്ചു.