മനാമ: പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറക്കാനുള്ള ആഗോള പരിശ്രമങ്ങളോടൊപ്പം അണിചേർന്ന് ലുലു ഹൈപ്പർ മാർക്കറ്റും. പ്ലാസ്റ്റിക് കാരിബാഗുകൾക്കു പകരം എല്ലാ ചെക്ക്ഔട്ട് കൗണ്ടറുകളിലും വീണ്ടും ഉപയോഗിക്കാവുന്ന സ്റ്റൈലിഷ് തുണിബാഗുകൾ ലുലു നൽകും. സുപ്രീം കൗൺസിൽ ഫോർ എൻവയൺമെന്റുമായി സഹകരിച്ച് പരിസ്ഥിതിദിനത്തിൽ തുണി ബാഗുകൾക്ക് 50 ശതമാനം വിലക്കുറവ് നൽകുമെന്ന് ലുലു അറിയിച്ചു. സുപ്രീം കൗൺസിൽ ഫോർ എൻവയൺമെന്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ബാഗുകളിൽ പെയിന്റിങ് നടത്താനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
ഇതിനുപുറമെ പരിസ്ഥിതി ബോധവത്കരണ പരിപാടിയും നടക്കും. തിങ്കളാഴ്ച രാവിലെ 11ന് ദാന മാളിൽ പുനരുപയോഗിക്കാവുന്ന തുണി സഞ്ചികൾക്കായുള്ള ബോധവത്കരണ കാമ്പയിൻ ആരംഭിക്കും. സോഷ്യൽ മീഡിയ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയും കാമ്പയിൻ നടത്തുമെന്ന് ലുലു ഹൈപ്പർ മാർക്കറ്റ് അറിയിച്ചു. ഈ ഉദ്യമത്തിൽ യൂണിലിവർ ലുലുവുമായി സഹകരിച്ച് 3BD കൂടുതൽ വിലയുള്ള യൂണിലിവർ ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക് സൗജന്യ തുണി ഷോപ്പിംഗ് ബാഗ് ലഭിക്കും.