മനാമ: ലുലു ഗ്രൂപ്പിനുകീഴിൽ തുടങ്ങുന്ന ലുലു എക്സ്പ്രസ് ഫ്രഷ് മാർക്കറ്റ് ഹമദ് ടൗൺ ദാനാത് അൽ ലോസിയിൽ പ്രവർത്തനമാരംഭിച്ചു. പൂർണമായും വനിതകൾ നിയന്ത്രിക്കുന്ന സ്ഥാപനമെന്ന പ്രത്യേകതയോടെ ആരംഭിച്ച ഷോറൂമിന്റെ ഉദ്ഘാടനം ബഹ്റൈൻ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുള്ള ആൽ ഖലീഫ നിർവഹിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലി, വ്യവസായ, വാണിജ്യ, വിനോദ സഞ്ചാര വകുപ്പ് മന്ത്രി സായിദ് റാഷിദ് അൽസയാനി, ഭവന വകുപ്പ് മന്ത്രി ബാസിം ബിൻ യാക്കൂബ് അൽ ഹമർ, ആർ.എച്ച്.എഫ് സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അൽ സായിദ്, തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിലെ തൊഴിൽ കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി അഹമ്മദ് ജാഫർ മുഹമ്മദ് അൽ ഹയ്കി, ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ, ലുലു ഗ്രൂപ്പ് ഡയറക്ടർ ജുസർ രൂപവാല എന്നിവർ പങ്കെടുത്തു.
ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരും വിഐപികളും വിശിഷ്ട വ്യക്തികളും മുതിർന്ന ലുലു ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു. രാജ്യത്തെ പത്താമത്തെ ലുലു റീട്ടെയിൽ ഷോപ്പാണ് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. 2,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഫ്രഷ് മാർക്കറ്റിൽ പഴങ്ങൾ, പച്ചക്കറികൾ, ബേക്കറി ഉൽപന്നങ്ങൾ, മറ്റ് ഭക്ഷണ സാധനങ്ങൾ, പലചരക്ക് സാധനങ്ങൾ എന്നിവ ലഭ്യമാണ്. ബഹ്റൈനി ഉൽപന്നങ്ങളും ഇറക്കുമതി ചെയ്ത ബ്രാൻഡഡ് ഉൽപന്നങ്ങളും ഇവിടെയുണ്ട്. ഉപഭോക്താക്കൾക്കായി അതിവിശാലവും വിപുലവുമായ ഷോപ്പിംഗ് അനുഭവം നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ബഹ്റൈനിന്റെ പുരോഗതിയോടുള്ള ലുലു ഗ്രൂപ്പിന്റെ പ്രതിബദ്ധതയുടെയും നേതാക്കളുടെ കാഴ്ചപ്പാടിന്റെയും ഫലമാണ് ഇതെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലി പറഞ്ഞു.
ആർ.എച്ച്.എഫ് ചെയർമാനായ ഹിസ് ഹൈനസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ പ്രവർത്തിക്കുന്ന റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനെ (RHF) പിന്തുണയ്ക്കുന്നതിനായി യൂസഫലി ഔദ്യോഗികമായി “ലുലു കെയേഴ്സ്” കാമ്പെയ്നും ആരംഭിച്ചു. ഈ പ്രത്യേക സിഎസ്ആർ പ്രോജക്റ്റിലൂടെ, ബഹ്റൈനിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലെയും ഓരോ ഷോപ്പർക്കും “ലുലു കെയേഴ്സ്” ചാരിറ്റി ഡ്രൈവിനായി ചെറുതും വലുതുമായ എന്തും സംഭാവന ചെയ്യാം. ഈ ശേഖരം അവരുടെ സംരക്ഷണത്തിലുള്ള അനാഥരുടെ ക്ഷേമത്തിനായി ആർ.എച്ച്.എഫ് ഉപയോഗിക്കും.
പാർപ്പിട കേന്ദ്രങ്ങളോടുചേർന്നുള്ള ഷോറൂം മികച്ച ഷോപ്പിങ് അനുഭവമാണ് സമ്മാനിക്കുന്നത്. ക്യൂ നിൽക്കാതെ സാധനങ്ങൾ വാങ്ങി പുറത്തുകടക്കാൻ സഹായിക്കുന്ന സെൽഫ് ചെക്കൗട്ട് സംവിധാനമാണ് മറ്റൊരു പ്രത്യേകത. ഉപഭോക്താക്കൾക്ക് തങ്ങൾ വാങ്ങിയ സാധനങ്ങളുടെ ബാർകോഡ് സ്കാൻ ചെയ്ത് ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വഴി പണമടച്ച് പുറത്തിറങ്ങാൻ സാധിക്കും. സൗദിയിലാണ് ആദ്യമായി ലുലു എക്സ്പ്രസ് ഫ്രഷ് മാർക്കറ്റ് ആരംഭിച്ചത്. രണ്ടാമത് ഷോറൂമാണ് ബഹ്റൈനിൽ തുടങ്ങിയത്.
ലുലു ഗ്രൂപ്പിന് ഇപ്പോൾ തന്നെ 10 ഹൈപ്പർമാർക്കറ്റുകളും രണ്ട് ഷോപ്പിംഗ് മാളുകളും 3,000-ത്തിലധികം ജീവനക്കാരും ബഹ്റൈനിലുണ്ട്.