മനാമ: ബഹ്റൈനിലെ പ്രവാസി സമൂഹത്തിൽ സാമ്പത്തിക അവബോധം വളർത്തുന്നതിനായി ലുലു എക്സ്ചേഞ്ച്, ഇൻജാസ് ബഹ്റൈനുമായി സഹകരിച്ച് അൽ മൊഅയ്യിദ് കൺസ്ട്രക്ഷൻ കമ്പനിയിലെ ജീവനക്കാർക്കായി സാമ്പത്തിക സാക്ഷരതാ ബോധവത്കരണ പരിപാടി നടത്തി. മൂന്ന് ദിവസങ്ങളിൽ മൂന്ന് ബാച്ചുകളിലായി നടത്തിയ പരിപാടിയിൽ പണം കൈമാറ്റത്തിന്റെ നിയമപരവും നിയമവിരുദ്ധവുമായ വശങ്ങൾ, നിയന്ത്രണ ആവശ്യകതകൾ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, കള്ളപ്പണം വെളുപ്പിക്കൽ, വഞ്ചനാപരമായ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പ്രധാന വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ബഹ്റൈനിലെ ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ചിലെ സ്ട്രാറ്റജിക് ബിസിനസ് റിലേഷൻസ് ഹെഡ് അജിത്ത്, ഡിജിറ്റൽ പ്രോഡക്ട് ഇൻ ചാർജ് അരുൺ എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി.
ബഹ്റൈനിലെ ബ്ലൂകോളർ ജീവനക്കാരുടെ സാമ്പത്തിക സാക്ഷരതയും അവബോധവും വർധിപ്പിക്കാൻ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ലുലു എക്സ്ചേഞ്ച് ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു. ഭാവി കേന്ദ്രീകൃതമായ ഒരു ഓർഗനൈസേഷൻ എന്ന നിലയിൽ, പഠനത്തിലും വികസനത്തിലും ശക്തമായ ഊന്നൽ നൽകുന്നുവെന്നും മാറിക്കൊണ്ടിരിക്കുന്ന ലോകത്തിൽ സാമ്പത്തികമായി ബോധവാന്മാരാകാൻ പൊതുജനങ്ങളെ സഹായിക്കുന്ന അറിവ് പങ്കിടാനുള്ള ഉത്തരവാദിത്തത്തിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
ബാങ്കിംഗ്, സാമ്പത്തിക നിയന്ത്രണ മേഖലകളിൽ പ്രൊഫഷണൽ അഭിലാഷങ്ങളുള്ള വ്യക്തികൾക്ക് സാമ്പത്തിക സാക്ഷരത നിർണായകവും അടിസ്ഥാനപരവുമായ മൂലക്കല്ലാണ്. രാജ്യത്തിന്റെ തുടർച്ചയായ ഭാവി വൈവിധ്യവൽക്കരണത്തിലും വിപുലീകരണത്തിലും പങ്ക് വഹിക്കുന്നതിനായി വളർന്നു കൊണ്ടിരിക്കുന്നതും അഭിവൃദ്ധി പ്രാപിക്കുന്നതുമായ സാമ്പത്തിക മേഖലയിൽ ചേരാനാണ് ബഹ്റൈനിലെ നിരവധി യുവാക്കൾ ലക്ഷ്യമിടുന്നത്. അവരെ പ്രാപ്തരാക്കുന്നതിനുള്ള കഴിവുകളും അവസരങ്ങളും വിഭവങ്ങളും നൽകുന്നതിൽ അഭിമാനിക്കുന്നതായി ഇൻജാസ് ബഹ്റൈൻ ചെയർപേഴ്സൺ ഷെയ്ഖ ഹെസ്സ ബിൻത് ഖലീഫ അൽ ഖലീഫ പറഞ്ഞു.
