മനാമ: നവീകരണത്തിലും ഡിജിറ്റൽവത്കരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് 2023-ൽ ലുലു എക്സ്ചേഞ്ച് ബഹ്റൈൻ തയ്യാറെടുക്കുന്നത്. നൂതന സാങ്കേതികവിദ്യകളുടെ പിൻബലത്തിൽ ധനകാര്യ സേവനരംഗത്ത് വൻ മാറ്റങ്ങളാണ് നടപ്പാക്കുന്നത്. സുസ്ഥിരമായ വളർച്ച ഉറപ്പാക്കുന്നതിന് ലുലു എക്സ്ചേഞ്ച് എല്ലാ വർഷവും നൂതനമായ മാറ്റങ്ങൾ കൈക്കൊള്ളാറുണ്ട്. ഈ മാറ്റത്തിന് തയ്യാറെടുക്കുന്ന ധനകാര്യ സേവനങ്ങളിൽ ലുലു എക്സ്ചേഞ്ച് മുൻനിരയിലാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗത്തിലൂടെ ഉപഭോക്താക്കൾക്ക് എല്ലാ ആവശ്യങ്ങളും സമയബന്ധിതമായും സംതൃപ്തിയോടെയും നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുന്നു. 2023ൽ ശക്തമായ വളർച്ചാ പദ്ധതികളാണ് ലുലു എക്സ്ചേഞ്ച് ബഹ്റൈൻ ആസൂത്രണം ചെയ്തിട്ടുള്ളത്. 2023-ലും വരാനിരിക്കുന്ന വർഷങ്ങളിലും തടസ്സങ്ങളില്ലാത്ത ധനകാര്യ സേവനങ്ങൾ നല്കാൻ ലുലു എക്സ്ചേഞ്ച് ലക്ഷ്യമിടുന്നു. ബഹ്റൈനുമായുള്ള ശക്തമായ ബന്ധം ഭാവിയിലും മികച്ച രീതിയിൽ തുടരുമെന്നും കൂടുതൽ വിപണി പങ്കാളിത്തം ലക്ഷ്യമിട്ടുള്ള കർമ്മപദ്ധതികൾ ഈ വർഷം നടപ്പാക്കുമെന്നും ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു.
ഉപഭോക്തൃ സേവന രംഗത്ത് ശക്തമായ അടിത്തറയുള്ള ലുലു എക്സ്ചേഞ്ച് ഭാവിക്കിണങ്ങിയ ഉൽപന്നങ്ങളിലൂടെയും സേവനങ്ങളിലൂടെയും സുസ്ഥിര വളർച്ച കൈവരിക്കും. ഡിജിറ്റൽവത്കരണത്തിലുടെ തങ്ങളുടെ മൊബൈൽ ആപ്ലിക്കേഷനായ ‘ലുലു മണി’യെ കൂടുതൽ ശക്തമായ നിലയിലേക്കെത്തിക്കും. എല്ലാ ഉപഭോക്താക്കൾക്കും സമീപിക്കാവുന്ന തരത്തിലുള്ള പ്രവർത്തന പദ്ധതി ആവിഷ്കരിക്കും. കമ്പനിയും സമൂഹവും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും ശ്രദ്ധചെലുത്തും. ഇതിനായി, നിരവധി സമൂഹ കേന്ദ്രീകൃത പദ്ധതികൾ ആവിഷ്കകരിച്ച് നടപ്പാക്കും. ജീവനക്കാരുടെ കർമ്മശേഷി വർധിപ്പിക്കുന്നതിനുള്ള പരിശീലന പരിപാടികളും നടത്തുമെന്ന് അദീബ് അഹമ്മദ് കൂട്ടിച്ചേർത്തു.
തടസ്സങ്ങളില്ലാത്ത ഉപഭോക്തൃ സേവനത്തിലും സാമൂഹിക വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ലുലു എക്സ്ചേഞ്ച് ബഹ്റൈൻ 2023-ൽ മികച്ച വിജയം കൈവരിക്കുമെന്ന ആത്മവിശ്വാസത്തിലാണ്. 2013-ൽ ആരംഭിച്ച ലുലു എക്സ്ചേഞ്ച് ബഹ്റൈൻ ഇപ്പോൾ രാജ്യത്തിന്റെയും ജനങ്ങളുടെ ജീവിതത്തിന്റെയും അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. രാജ്യത്തുടനീളം ലുലു എക്സ്ചേഞ്ചിന് 16 ശാഖകളാണുള്ളത്.