മനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ), ആഭ്യന്തര മന്ത്രാലയം, ജനറൽ അതോറിറ്റി ഫോർ സോഷ്യൽ ഇൻഷുറൻസ് എന്നിവ സംയുക്തമായി ബഹ്റൈനിലെ വിവിധ ഗവർണറേറ്റുകളിലെ നിരവധി ഷോപ്പുകളിലും വർക്ക് സൈറ്റുകളിലും അഞ്ച് സംയുക്ത പരിശോധന കാമ്പെയ്നുകൾ നടത്തി. നിയമവിരുദ്ധ തൊഴിലാളികളെ കണ്ടെത്തുന്നതിന് നടത്തിയ പരിശോധനയിൽ ഏതാനും പേർ പിടിയിലായി. ക്യാപിറ്റൽ, നോർത്തേൺ, സതേൺ ഗവർണറേറ്റുകളിലാണ് പരിശോധന നടത്തിയത്.
നാഷണാലിറ്റി പാസ്പോർട്ട് ആൻഡ് റെസിഡന്റ് അഫയേഴ്സ്, ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് എന്നിവയുമായി സഹകരിച്ചാണ് വിവിധ സ്ഥാപനങ്ങളിലും തൊഴിലാളികൾ ഒരുമിച്ചുകൂടുന്ന സ്ഥലങ്ങളിലും പരിശോധന നടത്തിയത്. ആദ്യ കാമ്പയിൻ ക്യാപിറ്റൽ ഗവർണറേറ്റിലും രണ്ടാമത്തേത് നോർത്തേൺ ഗവർണറേറ്റിലും നടപ്പാക്കി. ക്യാപിറ്റൽ ഗവർണറേറ്റിലെ ജഡ്ജ്മെന്റ് എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ പങ്കാളിത്തത്തോടെ രണ്ട് കാമ്പെയ്നുകളും നടപ്പിലാക്കി, അഞ്ചാമത്തെ കാമ്പെയ്ൻ സതേൺ ഗവർണറേറ്റിലെ ജനറൽ അതോറിറ്റി ഫോർ സോഷ്യൽ ഇൻഷുറൻസുമായി ഏകോപിപ്പിച്ചാണ് നടപ്പാക്കിയത്.