മനാമ: കഴിഞ്ഞവർഷം വിവിധ ഗൾഫ് രാജ്യങ്ങളിലായി 647 ഇന്ത്യക്കാർ അപകടങ്ങളിൽ മരിച്ചതായി വിദേശകാര്യ സഹമന്ത്രി കീർത്തി വർധസിങ് ലോക്സഭയെ അറിയിച്ചു. ബഹ്റൈനിൽ അപകടത്തിൽ മരിച്ചത് 24 ഇന്ത്യക്കാർ. സൗദി അറേബ്യയിൽ 299 പേർ, യു.എ.ഇയിൽ 107, കുവൈത്തിൽ 91, ഒമാനിൽ 83, ഖത്തറിൽ 43 എന്നിങ്ങനെയാണ് മറ്റു ജി.സി.സി രാജ്യങ്ങളിലെ അപകട മരണത്തിന്റെ കണക്ക്.
ഇതേകാലയളവിൽ 6001 പേർ ഗൾഫ് രാജ്യങ്ങളിൽ മറ്റു കാരണങ്ങളാൽ മരിച്ചു. സ്വാഭാവിക മരണങ്ങളും ആത്മഹത്യകളും ഇതിൽ ഉൾപ്പെടുന്നു. രാജ്യം തിരിച്ചുള്ള കണക്കുകളിൽ ഏറ്റവും മുന്നിലുള്ളത് സൗദി അറേബ്യ തന്നെയാണ്. 2388 പേർ സൗദിയിൽ മരിച്ചതായി മന്ത്രി നൽകിയ മറുപടിയിൽ വിശദീകരിക്കുന്നുണ്ട്. രണ്ടാം സ്ഥാനത്ത് യു.എ.ഇയാണുള്ളത്. 2023 പേരാണ് കഴിഞ്ഞ ഒരു വർഷം യു.എ.ഇയിൽ സ്വാഭാവിക മരണമായി റിപ്പോർട്ട് ചെയ്തത്. ബഹ്റൈൻ 285, കുവൈത്ത് 584, ഒമാൻ 425, ഖത്തർ 296 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ സ്വാഭാവിക മരണങ്ങളുടെ കണക്കുകൾ.