മനാമ: ബഹ്റൈനിൽ ഫ്ലക്സി വിസ നിർത്തലാക്കിയതിന് പകരമായി ആരംഭിച്ച പുതിയ ലേബർ രജിസ്ട്രേഷൻ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി പ്രഖ്യാപിച്ചു. അനധികൃതമായി കഴിയുന്നവരും ഫ്ലെക്സി പെർമിറ്റ് ഉടമകളും മാർച്ച് 4 ന് മുമ്പ് ലേബർ രജിസ്ട്രേഷൻ പദ്ധതിയിൽ രജിസ്റ്റർ ചെയ്തുകൊണ്ട് അവരുടെ രേഖകൾ നിയമാനുസൃതമാക്കണമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) അറിയിച്ചു. എൽഎംആർഎ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നവർക്കെതിരെ മാർച്ച് 4 മുതൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.
കാലാവധി കഴിഞ്ഞതോ അസാധുവായതോ ആയ വർക്ക് പെർമിറ്റ് ഉള്ളവർക്കും ഫ്ലെക്സി പെർമിറ്റുകളുള്ളവർക്കും ലേബർ രജിസ്ട്രേഷൻ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ അർഹതയുണ്ട് . എന്നാൽ ക്രിമിനൽ കുറ്റങ്ങളുള്ളവരും നിലവിലെ പെർമിറ്റുകളിൽ വ്യവസ്ഥ ചെയ്തിട്ടുള്ള നിബന്ധനകൾ ലംഘിക്കുന്നവരും ഇതിന് യോഗ്യരല്ല. അംഗീകൃത രജിസ്ട്രേഷൻ സെന്ററുകൾ വഴിയോ അല്ലെങ്കിൽ എൽഎംആർഎ-യുടെ www.lmra.bh എന്ന വെബ്സൈറ്റ് സന്ദർശിച്ചോ തൊഴിലാളികൾക്ക് ലേബർ രജിസ്ട്രേഷൻ പദ്ധതിയിൽ ചേരുന്നതിനുള്ള യോഗ്യതയുണ്ടോയെന്ന് പരിശോധിക്കാൻ സാധിക്കും.
തൊഴിലാളിയുടെ തിരിച്ചറിയൽ നമ്പർ +973 33150150 എന്നതിലേക്ക് എസ്.എം.എസ് ചെയ്തും +973 17103103 എന്ന എൽ.എം.ആർ.എ കോൾസെന്ററിൽ ബന്ധപ്പെട്ടും യോഗ്യത അറിയാം. ജോലി സ്ഥലങ്ങളിലെ സുരക്ഷയും സംരക്ഷണവും വർധിപ്പിക്കുന്നതിന് തൊഴിൽ പെർമിറ്റുകളെ തൊഴിലധിഷ്ഠിതവും തൊഴിൽപരവുമായ മാനദണ്ഡങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ നടപടികൾ.