
മനാമ: ഏറ്റവും കൂടുതൽ ബഹ്റൈൻ ജീവനക്കാരുള്ള റീട്ടെയിൽ ഗ്രൂപ്പായി ലുലു ഗ്രൂപ്പിന്റെ ലുലു ഹൈപ്പർമാർക്കറ്റ് തൊഴിൽ മന്ത്രാലയം അംഗീകരിച്ചു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ നടന്ന ചടങ്ങിൽ തൊഴിൽ മന്ത്രി ജമീൽ ഹുമൈദാൻ ലുലു ഹൈപ്പർ മാർക്കറ്റിനെ ആദരിച്ചു. ലുലു ഹൈപ്പർമാർക്കറ്റിലെ രണ്ട് ജീവനക്കാർക്കും അവരുടെ സമർപ്പണത്തിനും കഴിവിനും കഠിനാധ്വാനത്തിനും അവാർഡ് നൽകി. എല്ലാ തസ്തികകളിലേക്കും സ്വദേശികളെ റിക്രൂട്ട് ചെയ്തത് പരിഗണിച്ച് എച്ച്.ആർ മാനേജർ ശൈഖ നാസർ, മികച്ച സേവനത്തിനും ഉപഭോക്താക്കളോടുള്ള പരിഗണനക്കും കസ്റ്റമർ സർവിസ് ജീവനക്കാരൻ ആർ. ഇബ്രാഹിം എന്നിവർക്കാണ് പുരസ്കാരം നൽകിയത്.

ബഹ്റൈന്റെ ശോഭനമായ ഭാവിക്കുവേണ്ടി കൂടുതൽ അധ്വാനിക്കാൻ പുരസ്കാരം പ്രചോദനം നൽകുമെന്ന് ലുലു ഗ്രൂപ് ഡയറക്ടർ ജുസെർ രൂപവാല പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിയുടെ ചാലകശക്തിയാകാൻ ബഹ്റൈനികൾക്ക്, പ്രത്യേകിച്ച് യുവജനങ്ങൾക്ക് കഴിയുമെന്ന് ചെയർമാൻ എം.എ. യൂസുഫലി വിശ്വസിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. സ്വദേശി ജീവനക്കാരുടെ മികച്ച പങ്കാളിത്തം ഗ്രൂപ്പിന്റെ ബഹ്റൈനിലെ വിജയത്തിൽ നിർണായക ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈനികൾക്ക് അവരുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് ആവശ്യമായ പരിശീലനം നൽകുന്നതിന് തൊഴിൽ മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിക്കുന്നതായും ജുസെർ രൂപവാല പറഞ്ഞു.

