മനാമ: ബഹ്റൈനിൽ നടന്നു വന്ന ശരത്കാല മേളയുടെ 33-ാം പതിപ്പ് സമാപിച്ചപ്പോൾ എക്സ്പോർട്ട് ബഹ്റൈൻ 150,000 ഡോളറിന്റെ വിൽപ്പന നടത്തിയതായി അധികൃതർ അറിയിച്ചു. ബഹ്റൈൻ ആസ്ഥാനമായുള്ള 30 ബിസിനസുകളുടെ പങ്കാളിത്തത്തോടെയുള്ള ഒരു പവലിയനാണ് എക്സ്പോർട്ട് ബഹ്റൈൻ ഒരുക്കിയിരുന്നത്. 160,000-ത്തിലധികം സന്ദർശകരാണ് ഒമ്പത് ദിവസത്തിനിടെ എക്സിബിഷൻ വേൾഡ് ബഹ്റൈനിലെ മേള സന്ദർശിച്ചത്. ആയിരക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്ന ബഹ്റൈനിലെ ഏറ്റവും വലിയ ചില്ലറ വിൽപന മേളയാണ് ഇത്.
ഹാൻഡ്ബാഗുകൾ, ഭക്ഷണ പാനീയങ്ങൾ, വസ്ത്രങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, അവശ്യ എണ്ണകൾ, ഗ്ലാസ് ഉൽപന്നങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, ആക്സസറികൾ, ശുചിത്വ സാമഗ്രികൾ, കരകൗശല കലകൾ തുടങ്ങി നിരവധി ദേശീയ ഉത്പ്പന്നങ്ങൾ മേളയിൽ പ്രദർശിപ്പിച്ചിരുന്നു. സൗദി അറേബ്യ, കുവൈറ്റ്, ഒമാൻ, യുഎഇ, ഇന്ത്യ, പാകിസ്ഥാൻ തുടങ്ങി നിരവധി രാജ്യങ്ങളുടെ പങ്കാളിത്തവും മേളയിലുണ്ടായിരുന്നു. ഈ വർഷം, 14 രാജ്യങ്ങളിൽ നിന്നുള്ള 650-ലധികം പ്രദർശകരാണ് പങ്കെടുത്തത്. ബഹ്റൈൻ ആസ്ഥാനമായുള്ള ബിസിനസുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മികച്ച പ്ലാറ്റ്ഫോമാണ് ശരത്കാല മേള.