തിരുവനന്തപുരം: ഇടുക്കി എൻജിനിയറിംഗ് കോളജിൽ എസ്എഫ്ഐ പ്രവർത്തകനായ ധീരജ് രാജേന്ദ്രനെ കുത്തിക്കൊന്ന വിഷയത്തിലുള്ള സുധാകരന്റെ പ്രതികരണത്തിനെതിരെ പ്രകോപന പരാമർശങ്ങളുമായി മുൻ കെപിസിസി ജനറൽ സെക്രട്ടറിയും നിലവിൽ സിപിഎമ്മുകാരനുമായ കെ പി അനിൽകുമാർ. കെ. സുധാകരൻ പേപ്പട്ടിയെ പോലെ ആളുകളെ കൊല്ലാൻ നടന്നാൽ സുധാകരനെ തല്ലി കൊല്ലാൻ ഈ കേരളത്തിൽ ആളുകളുണ്ടെന്നും, ബ്ലേഡ് – മണൽ മാഫിയകളുമായി മാത്രം കൂട്ടുകെട്ടുള്ളയാളാണ് സാധാകരൻ എന്നും അനിൽ കുമാർ പറഞ്ഞു. കെ കരുണാകരന്റെ പേരിൽ ട്രസ്റ്റ് രൂപീകരിക്കാൻ പിരിച്ച 16 കോടി രൂപ എന്തുചെയ്തുവെന്ന് സുധാകരൻ വെളിപ്പെടുത്തണമെന്ന് അനിൽ കുമാർ ആവശ്യപ്പെട്ടു.

ഇടുക്കി എൻജിനിയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപ്പെടുത്തിയ സംഭവത്തിൽ സിപിഎം പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വമെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം. ധീരജിന്റെ മരണത്തിൽ ഇടതുപക്ഷത്തിന് ദു:ഖമല്ല ആഹ്ലാദമാണ്. തിരുവാതിര കളിച്ച് അവർ ആഹ്ലാദിക്കുന്നു. സ്ഥലം വാങ്ങാൻ ആയിരുന്നു തിടുക്കമെന്നും കെ സുധാകരൻ ആരോപിച്ചു. ഇടുക്കി എൻജിനിയറിംഗ് കോളജിൽ ദിവസങ്ങൾ ആയി അക്രമം അരങ്ങേറിയിരുന്നുവെന്നും കെഎസ്യുവിന്റെ വിജയം തടയാൻ ഡിവൈഎഫ്ഐ ഗുണ്ടകൾ കോളേജിൽ ക്യാമ്പ് ചെയ്തിരുന്നുവെന്നും സുധാകരൻ ആരോപിച്ചു.
