കോട്ടയം: വ്യവസായി വിജയകുമാറിന്റെയും ഭാര്യ മീരയുടെയും കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ദമ്പതികളുടെ മകൻ ഗൗതം ഏഴ് വർഷം മുമ്പാണ് മരിച്ചത്. ഈ മരണങ്ങൾ തമ്മിൽ ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്.
2017 ജൂൺ രണ്ടിന് സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് കാറിൽ പോയതാണ് ഗൗതം. പിന്നീട് യുവാവിനെക്കുറിച്ച് വിവരമൊന്നുമില്ലാതായി. കുടുംബം പൊലീസിൽ പരാതി നൽകി. തൊട്ടടുത്ത ദിവസം റെയിൽവേ ട്രാക്കിന് സമീപം കാറിൽ രക്തത്തിൽ കുളിച്ചനിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അന്ന് സംഭവവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്നിരുന്നു. തുടർന്ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു.
ഗൗതം ആത്മഹത്യ ചെയ്തെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇത് തെറ്റാണെന്നും മകന്റെ മരണത്തിൽ ദുരൂഹതകളുണ്ടെന്നും ആരോപിച്ച് വിജയകുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞമാസം സിബിഐ എഫ്ഐആർ ഇട്ടു. കൃത്യം ഒരു മാസം പിന്നിടുന്നവേളയിലാണ് വിജയകുമാറിന്റെയും ഭാര്യയുടെയും കൊലപാതകം നടന്നിരിക്കുന്നത്.
മോഷണത്തിന് വേണ്ടി നടത്തിയ കൊലപാതകമായിരുന്നില്ല ഇതെന്ന നിഗമനത്തിലാണ് പൊലീസ്. വീടിന്റെ പിൻവാതിൽ അമ്മിക്കല്ല് ഉപയോഗിച്ച് തകർത്താണ് കൊലയാളി അകത്തുകയറിയത്. വീടിന്റെ രണ്ടുമുറികളിലായി കണ്ടെത്തിയ മൃതദേഹങ്ങൾ രക്തത്തിൽ കുളിച്ചനിലയിലായിരുന്നു. വസ്ത്രങ്ങളുണ്ടായിരുന്നില്ലെന്നാണ് വിവരം. ദമ്പതികളെ ആക്രമിക്കാൻ ഉപയോഗിച്ച കോടാലി വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ അസം സ്വദേശി കസ്റ്റഡിയിലായതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നുണ്ട്.
