കൊല്ലം : കരുനാഗപ്പള്ളിയില്‍ വൃദ്ധ തീപ്പൊള്ളലേറ്റ് മരിച്ചത് കൊലപാതകമെന്ന് പോലീസ് . കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി നളിനാക്ഷിയാണ് മരിച്ചത്. സംഭവത്തിൽ നളിനാക്ഷിയുടെ മരുമകൾ രാധാമണിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞമാസം 29നാണ് നളിനാക്ഷി തീപ്പൊള്ളലേറ്റ് മരിച്ചത് . ആത്മഹത്യയെന്നായിരുന്നു പ്രാഥമിക നിഗമനം. മാനസികവിഭ്രാന്തിയുള്ള ഭര്‍തൃമാതാവ് സ്വയം തീകൊളുത്തി മരിച്ചതാണെന്നായിരുന്നു രാധാമണി പറഞ്ഞിരുന്നത്. എന്നാല്‍ നാട്ടുകാരില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചു. പോസ്റ്റ്മോര്‍ട്ടത്തില്‍ തലയ്ക്ക് മുറിവേറ്റതും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.

നളിനാക്ഷിയെ തലയ്ക്കടിച്ച് ബോധരഹിതയാക്കിയ ശേഷം രാധാമണി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. ഇരുവരും തമ്മില്‍ നിരന്തരം വഴക്കിടുമായിരുന്നുവെന്നും പോലീസ് പറയുന്നു. സ്വസ്ഥമായ ജീവിതത്തിന് തടസ്സമെന്ന് തോന്നിയതിനാലാണ് നളിനാക്ഷിയെ കൊലപ്പെടുത്തിയതെന്നാണ് രാധാമണിയുടെ മൊഴി. രാധാമണി അബ്കാരി കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.