തിരുവനന്തപുരം: ബിനീഷ് കോടിയേരി ജയിലിലായതിനെ തുടര്‍ന്ന് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയ കോടിയേരി ബാലകൃഷ്ണന് ഉടന്‍ തിരിച്ചെത്തിയേക്കും. ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് ഈ നീക്കം. ജില്ലാ സമ്മേളനങ്ങള്‍ തുടങ്ങുന്നതിന് മുന്‍പ് കോടിയേരി സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനാണ് സാധ്യത. മകന് ചെയ്ത തെറ്റിന് അച്ഛൻ ഉത്തരവാദിത്വമില്ലെന്ന നിലപാട് പാര്‍ട്ടി സംസ്ഥാന കേന്ദ്രനേതൃത്വങ്ങള്‍ സ്വീകരിച്ചു. പക്ഷേ പാര്‍ട്ടി വലിയൊരു തെരഞ്ഞടുപ്പ് പോരാട്ടത്തിലേക്ക് പോകുമ്പോള്‍ ഇത് വലിയ ചര്‍ച്ചയാകുമെന്ന് കോടിയേരി വിലയിരുത്തി. മാറിനില്ക്കാന് തയ്യാറാണെന്ന് കോടിയേരി അറിയിച്ചു. അങ്ങനെയാണ് കഴിഞ്ഞ വര്‍ഷം കോടിയേരി മാറിയത്. ആരോഗ്യകാരണങ്ങളാല്‍ മാറുന്നുവെന്ന് പാര്‍ട്ടി വാര്‍ത്താകുറിപ്പിൽ അറിയിച്ചിരുന്നത്.
