മനാമ: കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെ ഫലപ്രദമായി നേരിടുന്നതിനുമുള്ള പുതിയ ദേശീയ കർമ പദ്ധതിയായ ബ്ലൂപ്രിന്റ് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ പ്രഖ്യാപിച്ചു. കുറഞ്ഞ കാർബൺ സമ്പദ്വ്യവസ്ഥയിലേക്ക് നീങ്ങുക, കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടുക, സുസ്ഥിര അവസരങ്ങൾ സൃഷ്ടിക്കുക എന്നീ മൂന്ന് വശങ്ങളിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
യു.എ.ഇയിൽ നടക്കുന്ന 28ാമത് യു.എൻ കാലാവസ്ഥ സമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്. 2035ഓടെ കാർബൺ ബഹിർഗമന തോത് 35 ശതമാനം കുറക്കാനും ക്രമാനുഗതമായി അത് കുറച്ചുകൊണ്ടുവന്ന് 2060ൽ പൂജ്യത്തിലെത്തിക്കാനുമാണ് പദ്ധതി. സാമ്പത്തിക ഉത്തേജക പാക്കേജിന്റെ ഭാഗമായി വിവിധ മേഖലകളിലെ വളർച്ച ഉറപ്പുവരുത്തുന്നതോടൊപ്പം പരിസ്ഥിതി സംരക്ഷണവും മുഖ്യമായി പരിഗണിക്കാനാണ് തീരുമാനം.
ബഹ്റൈൻ സാമ്പത്തിക മേഖലയിൽനിന്ന് പൂർണമായി കാർബൺ ഒഴിവാക്കുന്നതിനും വളർച്ചക്കും പരിസ്ഥിതിക്കുമിണങ്ങുന്ന ഊർജ പദ്ധതികൾ വികസിപ്പിക്കുന്നതിനും ഊന്നൽ നൽകും. പരമ്പരാഗത ഊർജ സ്രോതസ്സുകളുടെ വർധിച്ച ഉപയോഗം നിയന്ത്രിക്കുന്നതിനും ബദൽ ഊർജ മാർഗങ്ങളിലേക്ക് വഴിതിരിച്ചുവിടുന്നതിനും ശ്രമിക്കും.
കാർബൺ രഹിത വ്യവസായങ്ങൾക്ക് പ്രോത്സാഹനം നൽകുകയും പ്രകൃതിസൗഹൃദ വ്യവസായ സംരംഭങ്ങളിലേക്ക് പതിയെ മാറുകയും ചെയ്യുന്ന രീതി അവലംബിക്കും. കുറഞ്ഞ കാർബൺ ബഹിർഗമനം കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച പൊരുത്തപ്പെടുത്തൽ, ഹരിത സമ്പദ്വ്യവസ്ഥ എന്നിവയിലൂടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കും. ‘സഫ’ കാർബൺ ഓഫ്സെറ്റിങ് പ്ലാറ്റ്ഫോം സ്ഥാപിക്കുന്നതിനു പുറമേ, 750 മില്യൺ ഡോളർ കാലാവസ്ഥ സംബന്ധമായ സാങ്കേതികവിദ്യക്കായി മാറ്റിവെക്കും. മേഖലയിലെ പ്രാദേശിക, അന്തർദേശീയ പദ്ധതികൾക്ക് ധനസഹായം നൽകുമെന്നും ഹമദ് രാജാവ് പറഞ്ഞു.