മനാമ : ബഹ്റൈനേയും സൗദി അറേബ്യയേയും തമ്മിൽ ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്വേ വീണ്ടും തുറക്കുന്നതിനുള്ള പദ്ധതികൾ ക്രമേണ ആരംഭിക്കും. കോവിഡിനെ തുടർന്ന് മാർച്ച് 7 നാണ് കോസ്വേ അടച്ചത്. സൗദിയിലെയും ബഹ്റൈനിലെയും പതിനായിരക്കണക്കിന് ആളുകളുടെ പ്രധാന യാത്ര മാർഗമായിരുന്നു കോസ്വേ. ഈദ് അൽ അദാ അവധിക്ക് ശേഷം കിംഗ് ഫഹദ് കോസ് വേ അടുത്ത മാസം വീണ്ടും തുറക്കുമെന്നാണ് റിപ്പോർട്ട്. നേരത്തെ ജൂലൈ 27 ന് തുറക്കുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു.
എന്നാൽ സൗദി കോസ് വേ വഴിയുള്ള യാത്ര സാധാരണ നിലയിലേക്കെത്താൻ വൈകുമെന്ന് അധികൃതർ വ്യക്തമാക്കി. ഇരു രാജ്യങ്ങളിലും കുടുങ്ങിക്കിടക്കുന്നവർക്കായിരിക്കും ആദ്യം മുൻഗണന നൽകുക. തുടർന്ന് ബിസിനസുകാർ, ജോലിക്കാർ, വിദ്യാർത്ഥികൾ എന്നിവർക്കും യാത്രയ്ക്ക് അനുവാദം ലഭിക്കും. എന്നാൽ കോവിഡ് നിരക്ക് കണക്കിലെടുത്ത് മാത്രമേ സന്ദർശനത്തിനെത്തുന്നവർക്ക് യാത്രാനുമതി നൽകണമോ എന്ന തീരുമാനത്തിലെത്തുകയുള്ളൂ.