മനാമ: 2020 ജൂലൈ 21 പുലർച്ചെ 12 മണി മുതൽ ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന എല്ലാ യാത്രക്കാരും നിർബന്ധിത കോവിഡ് -19 പരിശോധനയുടെ ചെലവ് വഹിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 30 ബഹ്റൈൻ ദിനാറാണ് ഇതിനായി നൽകേണ്ടത്. പരിശോധന ഫലം നെഗറ്റീവ് ആണെങ്കിൽ 10 ദിവസം സെൽഫ് ഐസൊലേഷനിൽ പ്രവേശിക്കുകയും അതിനു ശേഷം വീണ്ടും പരിശോധനയ്ക്കു വിധേയമാകുകയും വേണം. ‘ബീഅവെയർ’ ആപ്ലിക്കേഷൻ വഴിയോ ടെസ്റ്റിംഗ് സെന്ററിലോ അതിനായി വീണ്ടും 30 ബഹ്റൈൻ ദിനാർ അടക്കണം. രണ്ടു തവണ പരിശോധനകൾക്കായി ആകെ 60 ദിനാറാണ് വിമാനത്താവളം വഴി ബഹ്രൈനിലെത്തുന്നവർക്കു ചിലവാകുക.
എന്നാൽ ബഹ്റൈനിലെ പൗരന്മാർക്കും താമസക്കാർക്കും സൗജന്യ കോവിഡ് ചികിത്സയ്ക്ക് അർഹതയുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. എല്ലാ സെൽഫ് ഐസൊലേഷൻ കേസുകളും ‘ബീഅവെയർ’ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണ്. നടപടികൾ സുഗമമാക്കുന്നതിന് യാത്രക്കാർക്ക് ‘ബിഅവെയർ ബഹ്റൈൻ’ മൊബൈൽ ആപ്ലിക്കേഷൻ വഴി മുൻകൂറായി പണമടയ്ക്കാനുള്ള ഓപ്ഷൻ ഉപയോഗിച്ച് പണവും ഇലക്ട്രോണിക് പേയ്മെന്റുകളും സ്വീകരിക്കും. ക്യാബിൻ ക്രൂ, ഡിപ്ലോമാറ്റിക് യാത്രക്കാർ, മറ്റു ഔദ്ദ്യോഗിക യാത്രക്കാർ തുടങ്ങിയവർക്ക് ഫീസ് ഒഴിവാക്കിയിട്ടുണ്ട്. ട്രാൻസിറ്റ് യാത്രക്കാർക്ക് കോവിഡ് പരിശോധന ആവശ്യമില്ല.
അതിർത്തികൾ വീണ്ടും തുറക്കുന്നതിലൂടെയും അന്താരാഷ്ട്ര വിമാനങ്ങൾ പുനരാരംഭിക്കുന്നതിലും കോവിഡ് -19 നുള്ള ആഗോള പ്രതികരണം വികസിച്ചുകൊണ്ടിരിക്കുന്നതിനാൽ സ്ക്രീനിംഗ് നടപടികൾ അവലോകനം ചെയ്യുന്നത് തുടരുകയാണെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. പനി, ചുമ അല്ലെങ്കിൽ ശ്വാസതടസ്സം പോലുള്ള കോവിഡ് -19 മായി ബന്ധപ്പെട്ട ലക്ഷണങ്ങൾ ഉണ്ടെങ്കിൽ വൈദ്യോപദേശത്തിനായി 444 എന്ന നമ്പറിൽ വിളിക്കുക.