
താമരശ്ശേരി: വയനാട് തുരങ്കപാത പദ്ധതി മലബാറിന്റെ വാണിജ്യ, വ്യവസായ, ടൂറിസം മേഖലകൾക്ക് കുതിപ്പ് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പല എതിർപ്പുകളും മറികടന്നാണ് വികസന പദ്ധതികൾ സർക്കാർ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആനക്കാംപൊയിൽ-കള്ളാടി തുരങ്കപ്പാതയുടെ നിർമാണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരിക്കലും നടക്കില്ല എന്ന് ഭൂരിഭാഗം ജനങ്ങളും കരുതിയ പദ്ധതികൾ സർക്കാർ നടപ്പിലാക്കുകയാണ്. ഗെയിൽ, എൻഎച്ച് തുടങ്ങിയ അനുഭവങ്ങൾ നമ്മുടെ മുന്നിൽ ഉണ്ട്. മലയോര ഹൈവേ, ജലപാത തുടങ്ങിയവ നിർമ്മാണ ഘട്ടത്തിലാണ്. ദീർഘ കാലമായി മുടങ്ങികിടക്കുന്ന പദ്ധതികൾ ആണ് നടപ്പിലാക്കുന്നത്. എതിർപ്പുകൾ, കേന്ദ്ര സർക്കാർ സൃഷ്ടിച്ച സാമ്പത്തിക പരിമിതികൾ, ചില സ്ഥാപിത താൽപര്യ ഇടപെടലുകൾ തുടങ്ങി നിരവധി പ്രതിബന്ധങ്ങൾ മറികടന്നാണ് വികസന പദ്ധതികൾ എത്തിപ്പിടിച്ചതെന്നും പിണറായി വിജയൻ പറഞ്ഞു. ഖജനാവിന്റെ ശേഷിക്കുറവ് പല പദ്ധതികളും ദശാബ്ദങ്ങളോളം വൈകുന്ന സ്ഥിതി ഉണ്ടായിരുന്നു. വിദ്യാഭ്യാസ പദ്ധതികൾ അടക്കം പിന്നോട്ട് പോകുന്ന അവസ്ഥയായിരുന്നു. അതിന്റെ പരിഹാരമായിട്ടായിരുന്നു കിഫ്ബിയെ പുനർജീവിപ്പിച്ചത്. 90,000 കോടിയുടെ പദ്ധതികളാണ് കിഫ്ബി നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അർഹതപ്പെട്ട വിഹിതം നിഷേധിക്കപ്പെട്ടതുൾപ്പടെ കേന്ദ്ര സർക്കാരിൽ നിന്നും ഉണ്ടായത് വേദനാജനകമായ ദുരനുഭവമാണ്. സാരമായ വെട്ടിക്കുറവ് വരുത്തുന്നു, വായ്പ എടുക്കാനുള്ള അർഹത നിഷേധിക്കപ്പെട്ടു, വായ്പ പരിധി വെട്ടികുറച്ചു തുടങ്ങിയവയെല്ലാം വരുമാനത്തിന് നഷ്ടമുണ്ടാക്കി. കിഫ്ബി വായ്പ സംസ്ഥാന വായ്പയായി പരിഗണിക്കാൻ ആകില്ലെന്ന് അവർ പറഞ്ഞു. 12,000 കോടിയോളം തുക നിഷേധിക്കുന്ന സ്ഥിതി ഉണ്ടായി. വികസന പദ്ധതികൾ ഏറ്റെടുക്കുമ്പോൾ അതിനെ തകർക്കാനുള്ള ശ്രമങ്ങളും ഉണ്ടായെന്ന് മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞു. കേരളത്തിലുണ്ടാകുന്ന വികസനങ്ങളിൽ ജനങ്ങൾ വലിയ സന്തോഷവാന്മാരാണ്. എന്നാൽ, അത് ചിലരിൽ വലിയ നിരാശ ഉണ്ടാക്കുന്നുണ്ട്. കിഫ്ബിയെ തകർക്കാനുള്ള നീക്കം തെരുവിലും കോടതിയിലും ഉണ്ടായി. കിഫ്ബിയെ തകർക്കാൻ കഴിയില്ല എന്ന് വന്നപ്പോൾ പദ്ധതികളെ തകർക്കാനും ഇടപെടലുണ്ടായതായി അദ്ദേഹം പറഞ്ഞു
വയനാടിന്റെ യാത്രാദുരിതം പരിഹരിക്കാനുള്ളതാണ് തുരങ്ക പാത നിർമാണം. തുരങ്ക പാത പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ച സാഹചര്യത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ താമശ്ശേരി ചുരം വഴിയുള്ള ദുരിത യാത്രയ്ക്ക് അറുതിയാകും. 2006 ലാണ് തുരങ്കപാത എന്ന ആശയം ഉയരുന്നത്. 2020 തില്‍ ഭരണാനുമതി ലഭിച്ച ആനക്കാംപൊയില്‍ കള്ളാടി മേപ്പാടി തുരങ്കപാതയ്ക്ക് ഈ വര്‍ഷം ജൂണിലെനി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്. അപ്രോച്ച് റോഡ് ഉള്‍പ്പെടെ 8.73 കിലോ മീറ്ററാണ് പദ്ധതിയുടെ ദൈര്‍ഘ്യം. ഇതില്‍ കോഴിക്കോട് മറിപ്പുഴ മുതല്‍ വയനാട് മീനാക്ഷിപ്പാലം വരെ 8.11 കിലോമീറ്ററാണ് തുരങ്കം. വയനാട്ടിൽ മേപ്പാടി-കള്ളാടി-ചൂരൽമല സ്റ്റേറ്റ് ഹൈവോയുമായിട്ടാണ് തുരങ്കപാതയെ ബന്ധിപ്പിക്കുന്നത്. മറിപ്പുഴ- മുത്തപ്പൻപുഴ- ആനക്കാംപൊയിൽ റോഡുമായാണ് തുരങ്കത്തിന്റെ കോഴിക്കോട് ഭാഗത്തെ മറിപ്പുഴയെ ബന്ധിപ്പിക്കുന്നത്. 2134 കോടി രൂപ ചെലവ് വരുന്ന പദ്ധതിയില്‍ ഇരുവഴഞ്ഞി പുഴക്ക് കുറുകെ രണ്ട് പ്രധാന പാലങ്ങളും മറ്റ് മൂന്ന് ചെറുപാലങ്ങളും ഉൾപ്പെടും. കിഫ്ബി ധനസഹായക്കോടെ പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മ്മാണ ചുമതല. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനാണ് നടത്തിപ്പ് നിര്‍വഹണ ഏജന്‍സി.
