
കൊച്ചി: വ്യാജ ലൈംഗിക പീഡന പരാതികളില്‍ സുപ്രധാന ഉത്തരവുമായി ഹൈക്കോടതി. പരാതിക്കാരിയെ കണ്ണടച്ച് വിശ്വസിക്കരുത്. പ്രതിയുടെ ഭാഗവും കേള്‍ക്കണം. പരാതി വ്യാജമെന്ന് തെളിഞ്ഞാല്‍ ആരോപണം ഉന്നയിച്ച ആള്‍ക്ക് എതിരെ കര്‍ശന നടപടി വേണമെന്നും നിര്‍ദേശം. നിരപരാധികള്‍ക്ക് എതിരെ ലൈംഗിക ആരോപണം ഉന്നയിക്കുന്ന പ്രവണത നിലവിലുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ലൈംഗിക പീഡനക്കേസില്‍ കുറ്റാരോപിതനായ വ്യക്തിക്ക് മുന്‍കൂര്‍ജാമ്യം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് പി വി കുഞ്ഞുകൃഷ്ണന്റെ സുപ്രധാന ഉത്തരവ്. കൃത്യമായി ജോലി ചെയ്യാത്തതിനെ തുടര്‍ന്ന് പരാതിക്കാരിയെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു. ഇതിനു പിന്നാലെ തന്നെ പീഡിപ്പിച്ചെന്ന് ആരോപിച്ച് ഇവര്‍ പരാതി നല്കി. തുടര്‍ന്ന് പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി തൊഴിലുടമ കോടതിയെ സമീപിക്കുകയും ഇതുമായി ബന്ധപ്പെട്ട ഓഡിയോ അടക്കം കോടതി മുന്‍പാകെ സമര്‍പ്പിക്കുകയും ചെയ്തു. കാര്യം ബോധ്യപ്പെട്ട കോടതി തൊഴിലുടമയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഇതിനിടയിലാണ് സുപ്രധാനമായ പരാമര്‍ശം നടത്തുന്നത്.
ലൈംഗിക പീഡന പരാതിയില്‍ പരാതിക്കാരിയെ കണ്ണടച്ച് വിശ്വസിക്കരുത്. പ്രതിയുടെ ഭാഗവും പൊലീസ് അന്വേഷിക്കണം. പരാതി വ്യാജമെന്ന് കണ്ടാല്‍ പരാതിക്കാരിക്കെതിരെ കര്‍ശന നടപടിയെടുക്കണം. ഇക്കാര്യത്തില്‍ തൊഴില്‍പരമായ ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഭയപ്പെടേണ്ട. പൂര്‍ണ്ണമായ നിയമ സംരക്ഷണം ഉറപ്പുവരുത്തുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
നിരപരാധികളായ ആളുകള്‍ക്കെതിരെ ഗുരുതരമായ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പ്രവണത ഇന്ന് നിലനില്‍ക്കുന്നുവെന്നും പണം നല്കിയതു കൊണ്ട് നഷ്ടപ്പെട്ട മാനം വീണ്ടെടുക്കാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി കോടതി വ്യക്തമാക്കി.
