തിരുവനന്തപുരം: പ്രഥമ കേരള ഗെയിംസിന്റെ വേദിയില്‍ മലയാളത്തില്‍ നമസ്കാരം പറഞ്ഞ് രാജ്യത്തിന്റെ അഭിമാനമായ ബോക്സര്‍ മേരി കോം. കേരള ഗെയിംസ് ഉദ്ഘാടന വേദിയില്‍ ഒളിമ്പിക് അസോസിയേഷന് ഏര്‍പ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അവര്‍. ‘എല്ലാവര്ക്കും നമസ്കാരം’ എന്നു പറഞ്ഞുകൊണ്ടു മലയാളത്തിലാണ് മേരി കോം സംസാരം ആരംഭിച്ചത്. നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവുമുണ്ടെങ്കില്‍ കായിക രംഗത്ത് ഉയരങ്ങള്‍ കീഴടക്കാനാകുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. കായിക രംഗത്തെ തന്റെ യാത്ര തടസങ്ങളും ബുദ്ധിമുട്ടുകളും നിറഞ്ഞതായിരുന്നുവെന്നും നിശ്ചയ ദാര്‍ഢ്യം കൊണ്ടാണ് അതിനെയൊക്കെ മറികടന്നതെന്നും മേരി കോം വ്യക്തമാക്കി. കേരള ഗെയിംസ് മികച്ച തുടക്കമാണെന്നും ഗെയിംസിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് മേരി കോം പറഞ്ഞു. ഒളിമ്പിക് മെഡല്‍ സ്വപ്നം കാണാന്‍ കേരള ഗെയിംസ് കായിക താരങ്ങള്‍ക്ക് പ്രചോദനം നല്‍കട്ടേ എന്ന് പി.ആര്. ശ്രീജേഷ് ആശംസിച്ചു. രവി കുമാര്‍ ദഹിയയും ബജ്റംഗ് പൂനിയയും കേരള ഗെയിംസില്‍ പങ്കെടുക്കുന്ന മുഴുവന്‍ താരങ്ങള്‍ക്കും ആശംസയറിയിച്ചുകൊണ്ടും കേരള സര്‍ക്കാറിന്റെയും ഒളിമ്പിക് അസോസിയേഷന്റെയും ആദരവിന് നന്ദിയറിയിച്ചുകൊണ്ടും സംസാരിച്ചു.
