വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ സംരംഭക വർഷം ആചരിക്കുന്നതിന്റെ ഭാഗമായി നാല് ശതമാനം പലിശക്ക് വായ്പ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായിരിക്കുന്നു. 13 അപേക്ഷകർക്ക് വായ്പ വിതരണം ചെയ്ത് മന്ത്രി പി രാജീവ് പദ്ധതി ഉദ്ഘാടനം ചെയ്തു.
പുതുതായി ആരംഭിക്കുന്ന എം.എസ്.എം. ഇകൾക്കും നിലവിലുള്ളവയുടെ വിപുലീകരണത്തിനും വായ്പ നൽകുന്നതാണ് കേരള സംരംഭക വായ്പാ പദ്ധതി ( KELS). പത്ത് ലക്ഷം രൂപ വരെയുള്ള വായ്പകൾക്കാണ് പലിശയിളവ് ലഭിക്കുക. നിർമ്മാണം, സേവനം, വ്യാപാരം തുടങ്ങിയ മേഖലകളിൽ ആരംഭിക്കുന്ന സംരംഭങ്ങൾക്ക് വായ്പ ലഭിക്കും. ഇതിനായി തയ്യാറാക്കിയ പ്രത്യേക പോർട്ടൽ മുഖാന്തിരമാണ് അപേക്ഷ നൽകേണ്ടത്. മൂലധന നിക്ഷേപങ്ങൾ, പ്രവർത്തന മൂലധനം സമാഹരിക്കൽ എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. അപേക്ഷകന് ഉദ്യം രജിസ്ട്രേഷൻ ഉണ്ടാവണം. അപേക്ഷകൾ അതിവേഗം തീർപ്പാക്കാൻ എല്ലാ ബാങ്കുകൾക്കും നിർദ്ദേശം നൽകിയതായി മന്ത്രി പറഞ്ഞു.
അഞ്ച് ലക്ഷം വരെയുള്ള അപേക്ഷകൾ 15 ദിവസങ്ങൾക്കുള്ളിലും 10 ലക്ഷം വരെയുള്ള അപേക്ഷകൾ ഒരു മാസത്തിനുള്ളിലും പരിഗണിച്ച് തീർപ്പുകൽപ്പിക്കും. സംരംഭകർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഇന്റേണുകൾ പ്രവർത്തിക്കുന്നുണ്ട്.
സംസ്ഥാനത്തെ വായ്പാ നിക്ഷേപ അനുപാതം മെച്ചപ്പെടുത്താൻ ബാങ്കുകൾക്ക് ഈ പദ്ധതി അവസരമാകും. തദ്ദേശ സ്ഥാപനങ്ങളിൽ ആഗസ്റ്റ് മാസത്തിൽ വായ്പാ മേളകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളിൽ വ്യവസായ വകുപ്പ് നിയമിച്ച ഇന്റേണുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ രൂപകൽപ്പന ചെയ്ത മൊബൈൽ ആപ്പിന്റെ ഉദ്ഘാടനവും വ്യവസായ വകുപ്പ് മന്ത്രി നിർവ്വഹിച്ചു.