ബെംഗളൂരു: കൈക്കൂലി കേസിൽ കർണാടക ബിജെപി എം.എൽ.എ എം വിരുപാക്ഷപ്പ അറസ്റ്റിൽ. കർണാടക ലോകായുക്ത പൊലീസാണ് വിരുപാക്ഷപ്പയെ അറസ്റ്റ് ചെയ്തത്. കൈക്കൂലി വാങ്ങുന്നതിനിടെ മകൻ അറസ്റ്റിലായതിനെ തുടർന്ന് വിരുപാക്ഷപ്പയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ എട്ട് കോടിയിലധികം രൂപ പിടിച്ചെടുത്തിരുന്നു.
കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡിന്റെ ചെയർമാനായിരുന്നു വിരുപാക്ഷപ്പ. വീട്ടിൽ നിന്ന് പണം പിടിച്ചെടുത്തതിനെ തുടർന്ന് അദ്ദേഹം ചെയർമാൻ സ്ഥാനം രാജിവച്ചിരുന്നു. സംഭവത്തിൽ ലോകായുക്ത കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ഇയാൾ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിന് ശേഷമാണ് ലോകായുക്ത പൊലീസിന് മുന്നിൽ ഹാജരായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.
മൈസൂർ സാൻഡൽ സോപ്പ് നിർമാതാക്കളായ കെഎസ്ഡിഎല്ലിന് അസംസ്കൃത വസ്തുക്കൾ വിതരണം ചെയ്യുന്ന കെമിക്സിൽ കോർപ്പറേഷൻ ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് എം.എൽ.എയുടെ മകൻ പ്രശാന്ത് മദൽ പൊലീസിന്റെ പിടിയിലായത്. ഇതേത്തുടർന്ന് വിരുപാക്ഷപ്പയുടെ മകന്റെ വീട്ടിൽ ലോകായുക്ത പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ എട്ട് കോടിയിലധികം രൂപ പിടിച്ചെടുത്തിരുന്നു. എം.എൽ.എയ്ക്ക് വേണ്ടിയാണ് മകൻ കൈക്കൂലി വാങ്ങിയതെന്നാണ് പൊലീസ് പറയുന്നത്.