തിരുവനന്തപുരം: ക്രിസ്ത്യൻ സഭകളെ അപമാനിക്കുന്നതിൽ നിന്ന് സിപിഎം പിൻമാറണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎം മുഖപത്രമായ പീപ്പിൾ ഡെമോക്രസിയിൽ മതമേലദ്ധ്യക്ഷൻമാരെ അപമാനിച്ചത് അപലപനീയമാണെന്നും ബിജെപി നേതാവ് അറിയിച്ചു. പാർട്ടി നിലപാട് അംഗീകരിക്കാത്ത മതമേലദ്ധ്യക്ഷൻമാരെയെല്ലാം സിപിപിഎമ്മിന് അപമാനിക്കണമെന്നാണ്. ചൈനയോ ക്യൂബയോ അല്ല ഇന്ത്യയെന്ന് സിപിഎം മനസിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎമ്മിനെ പിന്തുണയ്ക്കുന്നതിനാലാണ് കോൺഗ്രസ് വിഷയത്തിൽ മൗനം പാലിക്കുന്നെതന്നും കെ സുരേന്ദ്രൻ ആരോപിച്ചു.ആക്ഷേപിച്ചും അപകീർത്തിപരമായ പ്രസ്താവന നടത്തിയും മത പുരോഹിതൻമാരെ പിന്തിരിപ്പിക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണ്. ഇടതുപക്ഷത്തിന്റെ ദുർഭരണത്തിനും വർഗീയ പ്രീണനത്തിനുമെതിരെ കേരളത്തിലെ ക്രൈസ്തവർ പ്രതികരിക്കുന്നതാണ് സിപിഎമ്മിനെ അസ്വസ്ഥരാക്കാൻ കാരണം. മതമൗലികവാദികളെ പ്രീണിപ്പിക്കാനാണ് കോൺഗ്രസ് പീപ്പിൾസ് ഡെമോക്രസിയുടെ ക്രൈസ്തവ വിരുദ്ധ ലേഖനത്തെ പിന്തുണയ്ക്കുന്നത്, കെ സുരേന്ദ്രൻ തുടർന്നു.
ജോസഫ് മാഷുടെ കൈ വെട്ടിമാറ്റിയ സംഭവവുമായി ബന്ധപ്പെടുത്തിയും കെ സുരേന്ദ്രൻ സിപിഎമ്മിനെതിരെ വിമർശനമുന്നയിച്ചു. ജോസഫ് മാഷുടെ കൈ വെട്ടിമാറ്റാനുള്ള സാഹചര്യമുണ്ടാക്കി നൽകിയത് അന്നത്തെ എൽഡിഎഫ് സർക്കാരാണെന്ന് അദ്ദേഹം ആരോപിച്ചു. മാഷിന്റെ കൈ വെട്ടാനുള്ള ധൈര്യം തീവ്രവാദികൾക്ക് ലഭിച്ചത് സിപിഎമ്മിന്റെ ഭരണത്തിന്റ തണലിലാണ്. പാലാ ബിഷപ്പിനെ ആക്രമിക്കാൻ ഇരച്ചുകയറിയ പോപ്പുലർ ഫ്രണ്ടുകാർക്കൊപ്പമായിരുന്നു സിപിഎം. ബിഷപ്പിനെതിരെ സർക്കാർ കേസെടുത്തത് പോപ്പുലർ ഫ്രണ്ടിനെ സന്തോഷിപ്പിക്കാനായിരുന്നു കെ സുരേന്ദ്രൻ പറഞ്ഞു. അതിനാൽ കേരളത്തിൽ ക്രൈസ്തവരുടെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കാമെന്ന് ആരും കരുതേണ്ടെന്നും സിപിഎമ്മിന്റെ ഫാസിസം ക്രൈസ്തവ വിശ്വാസികൾ അംഗീകരിച്ച് തരില്ലെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു