തിരുവനന്തപുരം: സംസ്ഥാനത്ത് ആറുശതമാനത്തോളം പോളിംഗ് കുറഞ്ഞത് ഇടത്-വലത് മുന്നണികൾക്ക് തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇരു മുന്നണിയുടെയും നിരവധി അനുഭാവികൾ മനസ് മടുത്ത് വോട്ടെടുപ്പിൽ നിന്നും പിൻമാറിയതാണ് പോളിംഗ് കുറയാൻ കാരണം. ദേശീയതലത്തിൽ കോൺഗ്രസും സിപിഎമ്മും കൈകോർത്തത് അംഗീകരിക്കാൻ അവരുടെ പ്രവർത്തകർക്ക് പോലും കഴിഞ്ഞിട്ടില്ല.
പിണറായി സർക്കാരിൻ്റെ ജനദ്രോഹനയങ്ങളും പ്രതിപക്ഷത്തിൻ്റെ അതിനോടുള്ള സമീപനവും ഇരു മുന്നണിയിലുള്ളവരെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു. എൻഡിഎ പ്രവർത്തകർക്ക് തങ്ങളുടെ പ്രവർത്തകരെ പോളിംഗ് ബൂത്തിലെത്തിക്കാൻ സാധിച്ചുവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ദേശീയതലത്തിൽ കോൺഗ്രസ് തിരിച്ചുവരാൻ സാധ്യതയില്ലാത്തതും പോളിംഗിനെ സ്വാധീനിച്ചിട്ടുണ്ട്. സിപിഎം-കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ പോളിംഗ് വളരെ കുറവായിരുന്നു. അവിശുദ്ധ രാഷ്ട്രീയത്തിൻ്റെ തിരിച്ചടിയാണിതെന്നും സുരേന്ദ്രൻ പറഞ്ഞു.