കൊല്ലം: പെണ്‍കുട്ടികളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതിയാണ് സമൂഹത്തില്‍ നിലനില്‍ക്കുന്നതെന്നും സമൂഹത്തിന്റെ ചിന്താഗതിയില്‍ മാറ്റമുണ്ടായല്‍ മാത്രമേ, വിസ്മയയുടേത് പോലുള്ള കേസുകള്‍ ആവര്‍ത്തിക്കാതിരിക്കുവെന്നും വ്യക്തമാക്കി ഐജി ഹര്‍ഷിത അട്ടല്ലൂരി. കേസില്‍ കിരണ്‍കുമാര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് സമൂഹത്തില്‍ ചലനങ്ങള്‍ ഉണ്ടാക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
‘പെണ്‍കുട്ടികൾ എപ്പോള്‍ വീട്ടില്‍ വരുന്നു, എന്ത് ചെയ്യുന്നു, എന്ത് ധരിക്കുന്നു എന്നെല്ലാം മാതാപിതാക്കള്‍ അന്വേഷിക്കുന്നു. എന്നാല്‍, ഈ കരുതല്‍ ആണ്‍കുട്ടികളുടെ കാര്യത്തില്‍ കാണിക്കുന്നില്ല. ഈ രീതിയില്‍ മാറ്റം വരണം. ദുര്‍ബലരായ വിഭാഗങ്ങള്‍ ഉള്‍പ്പെടെ എല്ലാവരെയും ബഹുമാനിക്കാന്‍, ചെറുപ്പം മുതലേ കുട്ടികളെ പഠിപ്പിക്കണം. ഇത്തരം മാറ്റങ്ങള്‍ ഉണ്ടാവാന്‍ സ്ത്രീകള്‍ ആദ്യം മാറണം’, ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു.
Also Read: വിസ്മയ കേസ്: കിരൺ കുമാർ കുറ്റക്കാരനാണെന്ന് കോടതി
‘വിധി സമൂഹത്തിന് പാഠമാകും. ഉദ്യോഗസ്ഥ എന്ന നിലയില്‍ മാത്രമാണ് കേസില്‍ ഇടപ്പെട്ടത്. വനിതാ ഉദ്യോഗസ്ഥ എന്ന നിലയില്‍ കേസ് അന്വേഷിച്ചു എന്ന് പറയുന്നത് ശരിയല്ല. ആര് അന്വേഷിച്ചാലും നീതിയാണ് ലഭിക്കേണ്ടത്. ആണ്‍പെണ്‍ എന്ന വേര്‍തിരിവ് കണിക്കുന്നത് ശരിയല്ല. സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായ പീഡനമാണ് വിസ്മയ നേരിട്ടത്. സാക്ഷികളുടെ മൊഴികളും, ഡിജിറ്റല്‍ തെളിവുകളുമാണ് കേസില്‍ ഏറ്റവും പ്രധാനം. ഈ തെളിവുകള്‍ കൃത്യമായി ശേഖരിച്ച് പൊലീസിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിച്ചു,’ ഹര്‍ഷിത പറഞ്ഞു.