കൊച്ചി: ഇന്ധന വില വര്‍ധനവിനെതിരേ കോണ്‍ഗ്രസ് സംഘടിപ്പിച്ച സമരത്തിനിടയില്‍ നടന് ജോജു ജോര്‍ജുമായുണ്ടായ പ്രശ്നം പരിഹരിക്കാന്‍ കോണ്‍ഗ്രസ്. ജോജുവിന്റെ സുഹൃത്തുക്കള്‍ കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ചെന്നും പ്രശ്നങ്ങള്‍ പരസ്പരം സംസാരിച്ച് തീര്‍ക്കാന്‍ തീരുമാനിച്ചുവെന്നും ഡി.സി.സി. അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് അറിയിച്ചു. പെട്ടെന്ന് ഇരുകൂട്ടരുടെയും ഭാഗത്ത് നിന്നുമുണ്ടായ പ്രകോപനമാണ് വാക്കേറ്റത്തിലേക്കും പ്രശ്നങ്ങളിലേക്കും നയിച്ചതെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു.
തിങ്കളാഴ്ച എറണാകുളത്ത് ഇടപ്പള്ളി മുതല്‍ വൈറ്റില വരെ റോഡ് ഉപരോധിച്ചുള്ള കോണ്‍ഗ്രസിന്റെ സമരത്തില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നടന് ജോജു സമരത്തെ ചോദ്യം ചെയ്തത്. ജോജുവിന്റെ ഇടപെടലില്‍ പ്രകോപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടന്റെ വാഹനം അടിച്ച് തകര്‍ത്തിരുന്നു. മദ്യപിച്ച് വനിതാ പ്രവര്‍ത്തകരെ അപമാനിക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് കാണിച്ച് ജോജുവിനെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു.