ന്യൂഡൽഹി: ലിവിങ് ടുഗെദർ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യാൻ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. വിഡ്ഢിത്തമെന്ന് വിശേഷിപ്പിച്ചാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഹർജി തള്ളിയത്. രാജ്യത്തെ എല്ലാ ലിവിങ് ടുഗെദർ ബന്ധങ്ങളും രജിസ്റ്റർ ചെയ്യാൻ മാർഗനിർദേശം തേടി ഒരു അഭിഭാഷകനാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. ഒരുമിച്ച് താമസിക്കുന്ന പങ്കാളികളുടെ സാമൂഹിക സുരക്ഷയും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ലിവിങ് ടുഗെദർ പങ്കാളികൾ മൂലമുണ്ടാകുന്ന കുറ്റകൃത്യങ്ങൾ കുറയ്ക്കുകയാണ് ലക്ഷ്യമെന്നും ഹർജിയിൽ പറയുന്നു.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇതിനോട് രൂക്ഷമായാണ് പ്രതികരിച്ചത്. “ഇതെന്താ? എന്തിനും ഏതിനും ആളുകൾ കോടതിയിലേക്ക് വരുന്നു. ഇത്തരം ഹർജികൾക്ക് ഇനി മുതൽ പിഴ ചുമത്തും. ആരുമായാണു രജിസ്ട്രേഷൻ? കേന്ദ്ര സർക്കാരുമായോ? ലിവിങ് ടുഗെദർ ബന്ധം പുലർത്തുന്ന ആളുകളുമായി കേന്ദ്ര സർക്കാർ എന്ത് ചെയ്യാനാണ്? ഇത് ആളുകൾക്ക് സുരക്ഷ നൽകാൻ ശ്രമിക്കുകയാണോ അതോ ലിവിങ് ടുഗെദർ ബന്ധങ്ങളിൽ ഏർപ്പെടുന്നതിൽ നിന്ന് ആളുകളെ തടയാൻ ശ്രമിക്കുകയാണോ?” ചീഫ് ജസ്റ്റിസ് ചോദിച്ചു.