ഗാസ: മിന്നലാക്രമണത്തിനു തിരിച്ചടിയായി ഇസ്രയേൽ യുദ്ധപ്രഖ്യാപനവും പ്രത്യാക്രമണവും നടത്തിയിട്ടും അടങ്ങില്ലെന്ന് അവകാശപ്പെട്ട് ഹമാസ്. തുടക്കത്തിലെ മാത്രം ലക്ഷ്യമാണ് ഇസ്രയേലെന്നും ലോകമാകെ ഉന്നമിട്ടാണു പ്രവർത്തനം എന്നുമാണു വീരവാദം. ഹമാസ് കമാൻഡർ മഹ്മൂദ് അൽ–സഹറിന്റേതാണു മുന്നറിയിപ്പ്. ‘‘ഞങ്ങളുടെ ആദ്യ ലക്ഷ്യം മാത്രമാണ് ഇസ്രയേൽ. ഈ ഭൂമി മുഴുവൻ ഞങ്ങളുടെ നിയമത്തിനു കീഴിലാകും. 510 ദശലക്ഷം ചതുരശ്ര കിലോമീറ്ററുള്ള ഭൂമിയിലാകെ പുതിയ സംവിധാനം നിലവിൽ വരും. അനീതിയോ അടിച്ചമർത്തലോ കൊലപാതകങ്ങളോ ഇല്ലാത്ത സംവിധാനമാകും അത്. പലസ്തീൻ ജനതയ്ക്കും അറബ് വംശജർക്കും നേരെ നടക്കുന്നതു പോലുള്ള എല്ലാ അക്രമങ്ങളും അവസാനിക്കും.’’– വിഡിയോ സന്ദേശത്തിൽ മഹ്മൂദ് അൽ–സഹർ പറഞ്ഞു.
ഇസ്രയേലിനെ നടുക്കിയ ഹമാസ് ആക്രമണത്തിന്റെ സൂത്രധാരനെപ്പറ്റിയുള്ള വിവരങ്ങളും പുറത്തുവന്നു. മുഹമ്മദ് ദായിഫ് (58) ആണ് ആക്രമണത്തിനു പിന്നിൽ. അൽ അക്സ പള്ളിയിൽ 2021ൽ ഇസ്രയേൽ നടത്തിയ റെയ്ഡിനുള്ള മറുപടിയായിട്ടായിരുന്നു ആക്രമണം. ഹമാസ് ടിവി ചാനലിലൂടെയാണു ദായിഫിന്റെ സന്ദേശം പുറത്തുവന്നത്. ഹമാസിനെ പിന്തുണയ്ക്കുന്ന ഇറാൻ പോലും ഈ ആക്രമണത്തെപ്പറ്റി അറിഞ്ഞിരുന്നില്ല. 2014ൽ ഇസ്രയേലിന്റെ ആക്രമണത്തിൽ ദായിഫിന്റെ ഭാര്യയും 7 മാസം പ്രായമുള്ള മകനും 3 വയസ്സ് പ്രായമുള്ള മകളും കൊല്ലപ്പെട്ടിരുന്നു.