മനാമ: ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ് 2022–23 വർഷത്തെ അക്കാദമിക് അവാർഡ് ദാന ചടങ്ങിൽ പഠനത്തിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെ ആദരിച്ചു. മുഖ്യാതിഥി വിദ്യാഭ്യാസ മന്ത്രാലയം റിസ്ക് അസസ്മെന്റ് & ലീഗൽ അഫയേഴ്സ് ഡയറക്ടർ റീം അൽസാനേയ്, എജ്യുക്കേഷൻ സ്പെഷ്യലിസ്റ്റ് സാറ സകരേയ ബുല്ലെ, സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിനു മണ്ണിൽ വറുഗീസ്, രാജേഷ് എം എൻ, അജയകൃഷ്ണൻ വി, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി, എന്നിവർ സന്നിഹിതരായിരുന്നു.
പ്രിൻസിപ്പൽ പമേല സേവ്യർ സ്വാഗതം പറഞ്ഞു. അധ്യക്ഷ പ്രസംഗം നടത്തിയ പ്രിൻസ് നടരാജൻ മികവ് പുലർത്തിയ വിദ്യാർത്ഥികളെയും പിന്തുണയേകിയ അധ്യാപികമാരെയും രക്ഷിതാക്കളെയും അഭിനന്ദിച്ചു. സജി ആന്റണി തന്റെ അനുമോദന പ്രസംഗത്തിൽ വിദ്യാർത്ഥികളുടെ പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും നേടിയ മികവിനെ ആദരിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.
നേരത്തെ ദേശീയ ഗാനാലാപനത്തോടെ പരിപാടികൾ ആരംഭിച്ചു. തുടർന്ന് വിശുദ്ധ ഖുർആൻ പാരായണവും സ്കൂൾ ഗാനവും നടന്നു. ചടങ്ങുകൾക്ക് തുടക്കം കുറിച്ച് വിശിഷ്ട വ്യക്തികൾ ദീപം തെളിയിച്ചു. പഠനത്തിൽ മികവ് പുലർത്തിയ 425 ഓളം വിദ്യാർത്ഥികളെ ആദരിച്ചു. വിദ്യാർത്ഥികളുടെ നൃത്തപരിപാടികൾ വർണശബളമായിരുന്നു. ഹെഡ് ഗേൾ സെറ കിഷോർ, ഹെഡ് ബോയ് റെയ്ഹാൻ തോമസ് മാത്യു എന്നിവർ നന്ദി പറഞ്ഞു.