
മനാമ: വിദ്യാർത്ഥികളുടെ സുരക്ഷയും ഗതാഗത സംവിധാനത്തിലെ കാര്യക്ഷമതയും ഉറപ്പാക്കുന്നതിനായി ഇന്ത്യൻ സ്കൂൾ ബഹ്റൈൻ രക്ഷിതാക്കൾക്കായി സൗജന്യ തത്സമയ ബസ് ട്രാക്കിംഗ് സംവിധാനം ആരംഭിച്ചു. ‘ഡി.സി. പേരന്റ് ആപ്പ്’ വഴിയാണ് സേവനം ലഭ്യമാക്കുന്നത്.
ഒക്ടോബർ 1 മുതൽ റിഫ കാമ്പസിലാണ് പദ്ധതി പ്രാഥമികമായി നടപ്പാക്കിയത്. രാവിലെ കുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്ന സമയത്തും ഉച്ചകഴിഞ്ഞ് തിരിച്ചെത്തിക്കുന്ന സമയത്തും സ്കൂൾ ബസിന്റെ നീക്കങ്ങൾ രക്ഷിതാക്കൾക്ക് തത്സമയം നിരീക്ഷിക്കാനാകും. പിന്നീട് സേവനം ഈസ ടൗൺ കാമ്പസിലേക്കും വ്യാപിപ്പിക്കും.

അധിക സബ്സ്ക്രിപ്ഷനോ പ്രവർത്തന ഫീസോ ഈടാക്കാതെയാണ് സേവനം നൽകുന്നതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. ബസിന്റെ തത്സമയ സ്ഥാനം, റൂട്ട്, പൂർത്തിയാക്കിയതും വരാനിരിക്കുന്നതുമായ സ്റ്റോപ്പുകൾ, എത്തിച്ചേരൽ അറിയിപ്പുകൾ എന്നിവ ആപ്പിലൂടെ ലഭിക്കും.
പ്രത്യേക ട്രാക്കിംഗ് ആപ്പ് ആവശ്യമില്ലാതെ മൊബൈലിൽ തന്നെ സേവനം ഉപയോഗിക്കാം. ബസ് സ്റ്റോപ്പുകളിൽ അനാവശ്യമായി കാത്തുനിൽക്കേണ്ട സാഹചര്യം ഒഴിവാക്കാനും കുട്ടികളെ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ കൃത്യമായി നടത്താനും സംവിധാനം സഹായിക്കും.

റിഫ കാമ്പസിലെ സ്കൂൾ ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ആപ്പ് സ്റ്റോർ അല്ലെങ്കിൽ ഗൂഗിൾ പ്ലേ സ്റ്റോർ വഴി ‘DC Parent App’ന്റെ ഏറ്റവും പുതിയ പതിപ്പ് ഡൗൺലോഡ് ചെയ്യുകയോ അപ്ഡേറ്റ് ചെയ്യുകയോ ചെയ്യണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
സ്കൂളിന്റെ ഡിജിറ്റൽ പരിവർത്തന പദ്ധതികളുടെ ഭാഗമായാണ് സംവിധാനം നടപ്പാക്കുന്നതെന്ന് ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് പറഞ്ഞു. അധിക ചെലവില്ലാതെ രക്ഷിതാക്കൾക്ക് സേവനം ലഭ്യമാക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

