ന്യൂഡൽഹി∙ ലോട്ടറിപോലെയാണ് എക്സിറ്റ്പോളും! സമ്മാനം ഒരിക്കലും അടിക്കാത്തവർക്ക് പോലും നറുക്കെടുപ്പുവരെ ടിക്കറ്റ് പ്രതീക്ഷ നൽകും. എക്സിറ്റ്പോളും അങ്ങനെതന്നെ, അവസാനം വരെ പ്രതീക്ഷ നൽകും. ഫലമുണ്ടാകണമെന്നില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ്പോൾ പ്രവചനങ്ങൾ തെറ്റിയതിനെ തുടർന്ന് ആക്സിസ് മൈ ഇന്ത്യ ചെയർമാനും മാനേജിങ് ഡയറക്ടറുമായ പ്രദീപ് ഗുപ്ത ചാനൽ അഭിമുഖത്തിനിടെ പൊട്ടിക്കരഞ്ഞ സാഹചര്യമുണ്ടായി.
കൊട്ടിഘോഷിക്കപ്പെടുന്ന എക്സിറ്റ്പോളുകളുടെ ‘ഗുണം’ കുറയുന്നതായാണ് സമീപകാല തിരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തിന് 350ന് മുകളിൽ സീറ്റുകൾ ലഭിക്കുമെന്നായിരുന്നു മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചത്. ഇന്ത്യാ സഖ്യത്തിന് 120–150 സീറ്റുകൾ ലഭിക്കുമെന്നും പ്രവചിച്ചു. എൻഡിഎ സഖ്യം 292ൽ ഒതുങ്ങി. ഇന്ത്യാ സഖ്യത്തിന് 234 സീറ്റുകൾ ലഭിച്ചു. മൂന്നാം തവണയും കേന്ദ്രത്തിൽ അധികാരത്തിലെത്തിയെങ്കിലും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ബിജെപിക്ക് ലഭിച്ചില്ല. ലഭിച്ചത് 240 സീറ്റ്.
ഹരിയാന നിയമസഭയിൽ ഹാട്രിക് വിജയം ലക്ഷ്യമിടുന്ന ബിജെപിയെ കോൺഗ്രസ് പരാജയപ്പെടുത്തുമെന്നായിരുന്നു എല്ലാ എക്സിറ്റ് പോളുകളും. 44 മുതൽ 65 സീറ്റുവരെയാണ് കോൺഗ്രസിന് കണക്കാക്കിയത്. ബിജെപിക്ക് 18 മുതൽ 35 സീറ്റുകൾവരെയും. ഈ പ്രവചനങ്ങൾ പിഴച്ചു. ബിജെപി മുന്നേറി. ബിജെപിക്ക് 48 സീറ്റ് ലഭിച്ചപ്പോൾ കോണ്ഗ്രസിന് ലഭിച്ചത് 37 സീറ്റുകൾ മാത്രം. കശ്മീരിലെ പ്രവചനങ്ങൾ ഒരു പരിധിവരെ യാഥാർഥ്യമായി. കോൺഗ്രസും നാഷനൽ കോൺഗ്രസും ഉൾപ്പെടുന്ന സഖ്യത്തിനാണ് നേരിയ മുൻതൂക്കം എല്ലാ എക്സിറ്റ് പോളുകളും പ്രവചിച്ചത്. 31 മുതൽ 50 സീറ്റുവരെ. നാഷനൽ കോൺഫറൻസിന് 42 സീറ്റും കോൺഗ്രസിന് 6 സീറ്റും ലഭിച്ചു. 20 മുതൽ 32വരെ സീറ്റുകളാണ് ബിജെപിക്ക് പ്രവചിച്ചത്. 29 സീറ്റുകൾ ലഭിച്ചു. എക്സിറ്റ് പോളുകളിൽ 4 മുതൽ 12 വരെ സീറ്റുകളാണ് പിഡിപിക്ക് പ്രവചിച്ചത്. ഒരളവുവരെ ഈ പ്രവചനവും ഫലിച്ചു. പിഡിപിക്ക് ലഭിച്ചത് 3 സീറ്റുകൾ. മറ്റുള്ള പാർട്ടികൾ 4 മുതൽ 18 വരെ സീറ്റുകൾ വരെ നേടുമെന്നായിരുന്നു പ്രവചനം. ലഭിച്ചത് 7 സീറ്റുകൾ.
ദൈനിക് ഭാസ്കർ, പീപ്പിൾസ് പൾസ്, ഇന്ത്യാ ടുഡെ–സിവോട്ടർ, ആക്സിസ് മൈ ഇന്ത്യ, റിപ്പബ്ലിക്–പി മാർക്ക് അടക്കമുള്ളവ ഹരിയാനയിൽ കോൺഗ്രസിനാണ് മുൻതൂക്കം കൽപിച്ചത്. ഒരു സർവേപോലും ബിജെപിക്ക് 35 സീറ്റിനു മുകളിൽ പ്രവചിച്ചില്ല. കോൺഗ്രസിന് 44 സീറ്റിനു മുകളിൽ ലഭിക്കുമെന്നാണ് എല്ലാവരും പ്രവചിച്ചത്. രണ്ടും യാഥാർഥ്യമായില്ല. ജമ്മു കശ്മീരിൽ 31 സീറ്റിന് മുകളിൽ കോൺഗ്രസ്–എൻസി സഖ്യം നേടുമെന്ന പ്രവചനങ്ങൾ യാഥാർഥ്യമായി. എൻഡിഎയ്ക്ക് 20 സീറ്റിനു മുകളിൽ ലഭിക്കുമെന്ന പ്രവചനങ്ങളും സത്യമായി.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തെ സംബന്ധിച്ച ചില പ്രവനങ്ങളും പാളി. എൽഡിഎഫിന് ഒരു സീറ്റ് ലഭിക്കുമെന്ന ഇന്ത്യാ ടുഡേ പ്രവചനം ഫലിച്ചു. നാല് സീറ്റ് ലഭിക്കുമെന്ന ടൈംസ് നൗ, രണ്ട് മുതൽ അഞ്ചുവരെ സീറ്റ് ലഭിക്കുമെന്ന സിഎൻഎൻ–ന്യൂസ് 18, മൂന്നു മുതൽ അഞ്ച് സീറ്റുകൾവരെ ലഭിക്കുമെന്ന ഇന്ത്യടിവി എക്സിറ്റ് പോളുകൾ ഫലിച്ചില്ല. എന്ഡിഎയ്ക്ക് 3 സീറ്റുകൾവരെ പ്രവചിച്ച ചില പോളുകളും തെറ്റായി. യുഡിഎഫിന് രണ്ടോ അതിലധികമോ സീറ്റുകൾ നഷ്ടപ്പെടുമെന്നായിരുന്നു എല്ലാ സർവേകളും. അഞ്ചിലധികം സീറ്റുകൾ വരെ നഷ്ടപ്പെടുമെന്ന് പ്രവചനമുണ്ടായി. എന്നാൽ ഒരു സീറ്റ് മാത്രമാണ് യുഡിഎഫിന് നഷ്ടമായത്. ബിജെപി ആദ്യമായി സീറ്റ് നേടുമെന്ന പ്രവചനം യാഥാർഥ്യമായി.