
ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. ലോകത്തെ എണ്ണക്കപ്പലുകൾ കടന്നു പോകുന്ന പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലൂടെ ഗതാഗതം നിശ്ചലമായ അവസ്ഥയിലാണ്. ഹോർമുസ് കടലിടുക്ക് പൂർണമായി അടച്ചതായി ഇറാൻ റെവല്യൂഷണറി ഗാർഡിലെ മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു. വിലക്ക് ലംഘിച്ച് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കുമെന്നും മുന്നറിയിപ്പ് നൽകി. ഇതോടെ എണ്ണവില കുതിക്കാനാണ് സാധ്യത. ഹോർമൂസ് കടലിടുക്ക് ഏതാനും ദിവസം അടച്ചിട്ടാല്‍ പോലും ഗ്യാസ്, എണ്ണക്കടത്തിനെ ബാധിക്കും. ആക്രമണമുണ്ടായതോടെ ഖത്തർ എനർജി നാച്ചുറൽ ഗ്യാസ് ഉത്പാദനവും നിർത്തി. ഇറാൻ ആക്രമണമുണ്ടായ അരാംകോയുടെ പല പ്ലാന്റുകളും പ്രവര്‍ത്തനം നിർത്തി. കുവൈറ്റിലെ ചില റിഫൈനറികളും ഉത്പാദനം നിർത്തി.
ലോകത്തിലെ എണ്ണയുടെയും വാതകത്തിന്റെയും ഏകദേശം 20 ശതമാനവും കടന്നുപോകുന്ന കടലിടുക്കാണ് ഹോർമൂസ് കടലിടുക്ക്. ഹോർമുസ് ഇടുക്കിന് സമീപം മൂന്ന് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതിനെ തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങൾക്ക് മറുപടിയായി പശ്ചിമേഷ്യയിലുടനീളം ഇറാൻ നടത്തിയ ആക്രമണങ്ങളിലാണ് ഹോർമൂസ് കടലിടുക്കും പ്രശ്നബാധിതമായത്. രണ്ട് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതായും, മൂന്നാമതൊരു കപ്പലിന് തൊട്ടടുത്ത് തിരിച്ചറിയാൻ കഴിയാത്ത ഒരു വസ്തു പൊട്ടിത്തെറിച്ചതായുമാണ് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ വിശദമാക്കുന്നത്. ഹോർമൂസ് കടലിടുക്ക് പൂര്‍ണമായും അടച്ചതോടെ എണ്ണവില കുതിച്ചുയരാനാണ് സാധ്യത.


