
മനാമ: നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിക്ക് ഹെൽത്ത് സെന്ററുകളെയും ആശുപത്രികളെയും വിലയിരുത്തുന്നതിനുള്ള അന്താരാഷ്ട്ര അംഗീകാരം ലഭിച്ചു. ഇന്റർനാഷനൽ ഹെൽത്ത് ക്വാളിറ്റി സർവിസസ് സൊസൈറ്റിയുടെ അംഗീകാരമാണ് ലഭിച്ചത്. രാജ്യത്ത് ആരോഗ്യ സേവന മേഖലയിൽ കൈവരിച്ച മുന്നേറ്റത്തിന്റെയും നേട്ടത്തിന്റെയും ഭാഗമാണ് അംഗീകാരമെന്ന് എൻ.എച്ച്.ആർ.എ ചീഫ് എക്സിക്യൂട്ടിവ് ഡോ. മർയം അദ്ബി അൽ ജലാഹിമ വ്യക്തമാക്കി. ഇത്തരമൊരു അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ ജി.സി.സി രാജ്യവും മൂന്നാമത്തെ അറബ് രാജ്യവുമായി മാറുകയാണ് ബഹ്റൈൻ. സൗദി, ജോർഡൻ എന്നീ അറബ് രാജ്യങ്ങൾക്കാണ് നിലവിൽ അറബ് മേഖലയിൽ ഈ അംഗീകാരമുള്ളത്. ഉന്നത ഗുണനിലാരമുള്ളതും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ സുരക്ഷിത ആരോഗ്യ സേവനമാണ് ബഹ്റൈനിൽ ലഭിക്കുന്നതെന്നും ജലാഹിമ പറഞ്ഞു.
