തിരുവനന്തപുരം: ഇരുപത്തിയറാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് സെൽ ഉൽഘാടനവും ഡെലീഗേറ്റ് കിറ്റ് വിതരണവും ടാഗോർ തിയറ്ററിൽ ആരംഭിച്ചു. മാർച്ച് 18 മുതൽ 25 വരെയാണ് ചലച്ചിത്ര മേള. രാജ്യാന്തര ചലച്ചിത്രമേളയുടെ സംഘാടക സമിതി രൂപീകരിച്ചതായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി വാർത്താക്കുറിപ്പിൽ അറിയിച്ചു.
മേളയിലെ തെരഞ്ഞെടുത്ത ചിത്രങ്ങൾ ഉൾപെടുത്തി ഏപ്രിലിൽ കൊച്ചിയിൽ പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള നടത്തും. പൊതു വിഭാഗത്തിന് 1000 രൂപയും വിദ്യാർഥികൾക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ സജ്ജീകരിച്ച ഡെലിഗേറ്റ് സെൽ മുഖേന നേരിട്ടും രജിസ്ട്രേഷൻ നടത്താം. ഈ വർഷം മുതൽ വിദ്യാർഥികൾക്കും ഓഫ്ലൈൻ രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
26ാമത് ഐഎഫ്എഫ്കെയിലെ തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ മധ്യകേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നതോടെ കൂടുതല്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പുതിയ ലോകസിനിമകള്‍ തിയേറ്ററില്‍ തന്നെ ആസ്വദിക്കാനുള്ള അവസരം ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഐ എഫ് എഫ് കെ ഹോസ്പിറ്റാലിറ്റി ആൻഡ് റിസപ്ഷൻ കമ്മിറ്റി ചെയർമാൻ എം വിജയകുമാർ ഡെലീഗേറ്റ് കിറ്റിന്റെ വിതരണ ഉൽഘാടനം നിർവഹിച്ചു. ആദ്യ ഡെലീഗേറ്റ് പാസ്സ് ഏറ്റുവാങ്ങിയത് നടൻ സൈജു കുറുപ്പാണ്. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, വൈസ് ചെയർ മാൻ പ്രേം കുമാർ, സെക്രട്ടറി അജോയ്, ഷാജി ഹംസ എന്നിവർ പങ്കെടുത്തു.